
മനാമ: ബഹ്റൈനില്‍ ആള്‍മാറാട്ടവും തട്ടിപ്പും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബംഗ്ലാദേശ് പൗരനായ തൊഴിലാളിയുടെ അപ്പീല്‍ സുപ്രീം ക്രിമിനല്‍ അപ്പീല്‍ കോടതി തള്ളി.
മറ്റൊരു ബംഗ്ലാദേശിയുടെ സി.പി.ആര്. കാര്‍ഡ് കൈക്കലാക്കി അതുപയോഗിച്ച് കെട്ടിട നിര്‍മ്മാണ ഉപകരണങ്ങള്‍ വാടകയ്ക്കെടുക്കുകയും അതിന്റെ വാടക നല്‍കാതിരിക്കുകയും ചെയ്ത കേസിലാണ് 43കാരനായ ബംഗ്ലാദേശ് പൗരന് നേരത്തെ ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും ശിക്ഷാ കാലാവധി പൂര്‍ത്തിയായശേഷം നാടുകടത്താനും വിധിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് തള്ളിയത്.
കുറെ നാള് വാടക ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കെട്ടിട നിര്‍മ്മാണ ഉപകരണങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനത്തിന്റെ ഉടമ സി.പി.ആര്. കാര്‍ഡ് ഉടമയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്. തന്റെ സി.പി.ആര്. കാര്‍ഡ് നേരത്തെ നഷ്ടപ്പെട്ടതായും താന്‍ പരാതി നല്കി പുതിയ സി.പി.ആര്. കാര്‍ഡ് എടുത്തതായും കാര്‍ഡ് ഉടമ സ്ഥാപന ഉടമയോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥാപന ഉടമ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.


