വയനാട്: മാനന്തവാടിയിലെ ആളെക്കൊല്ലി ആന ബേലൂര്‍ മഖ്നയെ കണ്ടെത്താനാകാതെ ദൗത്യസംഘം. ആനയ്ക്കായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. നാളെ റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ ലഭിക്കുന്ന മുറയ്ക്ക് തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ഉത്തരമേഖല സിസിഎഫ് അറിയിച്ചു. നാളെ പുലര്‍ച്ചെ തന്നെ തിരച്ചില്‍ പുനരാരംഭിക്കാനാണ് തീരുമാനം.അതേസമയം ആനയെ കണ്ടെത്താനാകാതെ ദൗത്യസംഘം മടങ്ങാനൊരുങ്ങിയത് പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. ദൗത്യസംഘത്തെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയും ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. ദൗത്യത്തില്‍ തീരുമാനമായ ശേഷം മാത്രമേ മടങ്ങാന്‍ അനുവദിക്കുകയുള്ളൂവെന്നും നാട്ടുകാര്‍ പറഞ്ഞു.പ്രദേശത്ത് നാട്ടുകാരുടെ സുരക്ഷയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും പ്രതിഷേധക്കാര്‍ ദൗത്യസംഘത്തോട് ആവശ്യപ്പെട്ടു. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മാനന്തവാടിയിലെത്തി. അഞ്ച് ഡിഎഫ്ഒമാരാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്. നാല് വെറ്റിനറി ഓഫിസര്‍മാരും സംഘത്തിനൊപ്പമുണ്ട്.
ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മയക്കുവെടി വച്ചശേഷം ആനയെ മുത്തങ്ങയിലേക്ക് കൊണ്ടുപോകുമെന്നാണ് വനംമന്ത്രി എ കെ ശശീന്ദ്രന് രാവിലെ അറിയിച്ചത്. ആനയെ കാട്ടിലേക്ക് വിടണോ, കുങ്കിയാന ആക്കണോ എന്നതില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.വിക്രം, ഭരത്, സൂര്യ, സുരേന്ദ്രന് എന്നീ കുങ്കിയാനകളാണ് ദൗത്യസംഘത്തെ സഹായിക്കുന്നത്. കര്‍ണാടക വനംവകുപ്പ് കഴിഞ്ഞ നവംബര്‍ 30ന് റേഡിയോ കോളര്‍ ഘടിപ്പിച്ച് മോലഹളളി വനത്തിലേക്ക് വിട്ട ആനയാണ് ബേലൂര്‍ മഗ്ന (മോഴ). ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് ആന കേരള അതിര്‍ത്തിയില്‍ പ്രവേശിച്ചത്. മൂന്നു മണിയോടെ മാനന്തവാടി നഗരസഭാ പരിധിയിലെത്തി.രാവിലെ ഏഴു മണി കഴിഞ്ഞ് ജോലിക്കാരെ വിളിക്കാന്‍ റോഡിലേക്ക് ഇറങ്ങിയതായിരുന്നു അജീഷ്. ചീറിയടുത്ത ആനയെ കണ്ട് അജീഷും റോഡിലുണ്ടായിരുന്ന മറ്റുള്ളവരും ജീവനും കൊണ്ട് ഓടി. ആന പിന്തുടര്‍ന്നതോടെ സുഹൃത്ത് കണ്ടത്തില്‍ ജോമോന്റെ വീട്ടുവളപ്പിലേക്ക് അജീഷും കൂടെയുണ്ടായിരുന്ന സഞ്ജുവും ഗേറ്റ് ചാടിക്കടന്നു. ഓടാന്‍ ശ്രമിക്കവേ, നിലത്തുവീണ അജീഷിനെ ഗേറ്റ് തകര്‍ത്ത് കയറിയ ആന എടുത്ത് എറിഞ്ഞ് ചവിട്ടി അരയ്ക്കുകയായിരുന്നു.