ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്സിനേഷനു തുടക്കമായി. ഇന്ത്യ അക്ഷമയോടെ കാത്തിരുന്ന ആ ദിവസം എത്തിയതായി പ്രതിരോധ കുത്തിവയ്പ്പ് ദൗത്യം വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്ന് വാക്സിൻ എത്തും എന്നാണ് എല്ലാവരും ചോദിച്ചിരുന്നത്. അതിപ്പോൾ ലഭ്യമായിരിക്കുന്നു. ഈ അവസരത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. വാക്സിൻ പരീക്ഷണങ്ങളിൽ പങ്കാളികളായിരുന്ന ശാസ്ത്രജ്ഞരും മറ്റുള്ളവരും പ്രത്യേക പ്രശംസ അർഹിക്കുന്നു. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് ഒന്നല്ല, രണ്ടു വാക്സിനുകൾ നാം നിർമിച്ചു. ഇത് അഭിമാനകരമാണ്- പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് വാക്സിന്റെ രണ്ടു ഡോസും എടുക്കാൻ ജനങ്ങൾ തയാറാവണമെന്ന് മോദി പറഞ്ഞു. ഒരു ഡോസ് പോരാ, രണ്ടു ഡോസ് വേണമെന്ന് ഞാൻ വീണ്ടും ഓർമിപ്പിക്കുകയാണ്. രണ്ടു ഡോസിനും ഇടയിൽ ഒരു മാസത്തോളം സമയവും വേണം. രണ്ടാം ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്കു ശേഷം നിങ്ങളുടെ ശരീരത്തിന് കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള കരുത്തുണ്ടാകും. വാക്സിൻ എടുത്താലും കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും മോദി ജനങ്ങളോടു പറഞ്ഞു.
മൂവായിരത്തിലേറെ വാക്സിനേഷൻ കേന്ദ്രങ്ങളിലായി മൂന്നു ലക്ഷത്തോളം ആരോഗ്യ പ്രവർത്തകരാണ് ഇന്ന് വാക്സിൻ സ്വീകരിക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓക്സ്ഫഡ് വാക്സിൻ കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ എന്നിവയാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതിയോടെ ഉപയോഗിക്കുന്ന വാക്സിനുകൾ. രണ്ടിനും ചിലയാളുകളിൽ നിസാര പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കുത്തിവയ്പ്പെടുത്ത സ്ഥലത്തു ചെറിയ വേദന, തലവേദന, പനി, ജലദോഷ ലക്ഷണങ്ങൾ എന്നിങ്ങനെയാണിവ. പാർശ്വഫലങ്ങൾക്ക് പാരാസെറ്റമോൾ ഉപയോഗിക്കാം. പതിനെട്ടു വയസിനു മുകളിലുള്ളവർക്കേ വാക്സിൻ എടുക്കാവൂ. ആദ്യ ഡോസ് നൽകുന്ന അതേ ബ്രാൻഡ് തന്നെ രണ്ടാം ഡോസിനും നൽകണം.
ഗർഭിണികൾക്കോ ഗർഭിണിയല്ലെന്ന് ഉറപ്പില്ലാത്തവർക്കോ മുലയൂട്ടുന്ന അമ്മമാർക്കോ ഇപ്പോൾ വാക്സിൻ നൽകേണ്ടെന്നും ആരോഗ്യ മന്ത്രാലയം അഡീഷനൽ സെക്രട്ടറി മനോഹർ അഗ്നാനി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ നിർദേശിച്ചിട്ടുണ്ട്. അമിത രക്തസ്രാവം, രക്തം കട്ടപിടിക്കുന്ന അസുഖമുള്ളവർ എന്നിവർക്ക് ഏറെ ശ്രദ്ധയോടെ വേണം വാക്സിൻ നൽകാൻ. മുൻപ് സാർസ് കോവ് 2 ബാധിച്ചവർ, ഗുരുതര അസുഖങ്ങളുള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവർക്കു വാക്സിൻ നൽകാം.