
മനാമ: ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ (ബി.ഡി.എഫ്) പുതിയ സൈനിക കേന്ദ്രം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ബി.ഡി.എഫ്. ഹ്യൂമൻ റിസോഴ്സസ് അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അലി ബിൻ റാഷിദ് അൽ ഖലീഫ പങ്കെടുത്തു. ബി.ഡി.എഫ്. സ്ഥാപിതമായതിന്റെ 57-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ സൈനിക കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
ഷെയ്ഖ് അലി ബിൻ റാഷിദ് കേന്ദ്രത്തിന്റെ വിവിധ വിഭാഗങ്ങൾ വീക്ഷിച്ചു. ബി.ഡി.എഫിന്റെ നേട്ടങ്ങളിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. ബി.ഡി.എഫിന്റെ നൂതന സൈനിക സംവിധാനങ്ങളുടെയും ആധുനിക സൗകര്യങ്ങളുടെയും തുടർച്ചയായ പുരോഗതിയും വികസനവും അദ്ദേഹം വിവരിച്ചു.

സായുധ സേനയുടെ സുപ്രീം കമാൻഡറായ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ അചഞ്ചലമായ പിന്തുണയും കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്റെ തുടർനടപടികളുമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. സേനയുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് ബി.ഡി.എഫ്. കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
