കൊച്ചി: കോട്ടയം തിരുവാര്‍പ്പിലെ ബസുടമ രാജ്മോഹനെ മര്‍ദിച്ച സംഭവത്തില്‍ തുറന്നകോടതിയില്‍ മാപ്പ് പറയാമെന്ന് സി.ഐ.ടി.യു. നേതാവ് അജയന്. കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തുറന്നകോടതിയില്‍ നിരുപാധികം മാപ്പ് പറയാന്‍ തയ്യാറാണെന്ന് സി.ഐ.ടി.യു. നേതാവ് ഹൈക്കോടതിയെ അറിയിച്ചത്. സി.ഐ.ടി.യു.വുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ബസുടമ രാജ്മോഹന്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് പോലീസ് സാന്നിധ്യത്തില്‍ ബസുടമയ്ക്ക് മര്‍ദനമേറ്റത്. ഇതോടെ ക്രിമിനല്‍ കേസിന് പുറമേ സി.ഐ.ടി.യു. നേതാവ് അജയനെതിരേ കോടതിയലക്ഷ്യ നടപടികളും സ്വീകരിച്ചു. തുടര്‍ന്നാണ് ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതിയലക്ഷ്യ നടപടികളില്‍നിന്ന് ഒഴിവാക്കണമെന്ന് സി.ഐ.ടി.യു. നേതാവ് കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഇതെല്ലാം മര്‍ദിക്കുമ്പോള്‍ ആലോചിക്കണമായിരുന്നു എന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം.
ഇതിനുപിന്നാലെയാണ് ബസുടമയെ മര്‍ദിച്ച സംഭവത്തില്‍ തുറന്നകോടതിയില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്ന സത്യവാങ്മൂലം സമര്‍പ്പിച്ചത്. സി.ഐ.ടി.യു. നേതാവിന്റെ സത്യവാങ്മൂലത്തില്‍ തന്റെ കക്ഷിയോട് ചോദിക്കാതെ മറുപടി പറയാനാകില്ലെന്ന് രാജ്മോഹന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. കേസ് ഇനി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.