ബാള്‍ട്ടിമോര്‍(മേരിലാന്റ്): ചരിത്രത്തിലാദ്യമായി പരീക്ഷണാര്‍ത്ഥം പന്നിയുടെ ഹൃദയം മനുഷ്യനില്‍ വെച്ചു പിടിപ്പിച്ചു മേരിലാന്റ് സ്ക്കൂള് ഓഫ് മെഡിവിസിലെ ഡോക്ടര്‍മാര്‍ ചരിത്രം കുറിച്ചു.
ശസ്ത്രക്രിയക്കുശേഷം മൂന്നാം ദിവസവും രോഗി സുഖമായിരിക്കുന്നുവെന്ന് ജനുവരി 10ന് തിങ്കളാഴ്ച ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള ചിത്രങ്ങളും പ്രസിദ്ധീകരണത്തിന് നല്‍കിയിരുന്നു. പതിറ്റാണ്ടുകളായി ഇതിനെ കുറിച്ചു പഠനവും, ഗവേഷണങ്ങളും നടന്നു വരികയായിരുന്നുവെന്നും, മൃഗങ്ങളുടെ ശരീരാവയവങ്ങള്‍ മനുഷ്യനില്‍ എങ്ങനെവെച്ചു പിടിപ്പിക്കാം എന്നതില്‍ ഒരുപരിധിവരെ വിജയം കൈവരിക്കുവാന്‍ കഴിഞ്ഞതായി ശസ്ത്രക്രിയക്കു നേതൃത്വം നല്കി ഡോക്ടര്‍മാര്‍ പറഞ്ഞു.
ഡേവിസ് ബെന്നറ്റ്(57) എന്ന രോഗിയില്‍ ജനുവരി 8നായിരുന്നു ശസ്ത്രക്രിയ. മരണത്തെ അഭിമുഖമായി കണ്ടിരുന്ന ഡേവിസിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാകുമോ എന്ന പരീക്ഷണമായിരുന്നു ഇതെന്നും അവര്‍ അറിയിച്ചു. ജീവിക്കും എന്ന് യാതൊരു ഉറപ്പും ലഭിക്കാതെയാണ് ശസ്ത്രക്രിയക്കു വിധേയനാക്കിയത്. ട്രാന്‍സ് പ്ലാന്റ് ശസ്ത്രക്രിയ നടത്തിയില്ലായിരുന്നുവെങ്കില്‍ മരണം സുനിശ്ചിതമായിരുന്നു. മനുഷ്യ അവയവദാനത്തിന് വളരെ ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് മൃഗങ്ങളുടെ അവയവം വെച്ചു പിടിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ 3800 ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നിട്ടുണ്ട്.
ഈ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ മരണത്തെ അഭിമുഖീകരിക്കുന്ന നിരവധിപേരെ രക്ഷിക്കാനാകുമെന്ന് മേരിലാന്റ് ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം സയന്റിഫിക് ഡയറക്ടര്‍ ഡോ.മുഹമ്മദ് മൊയ്ദുന്‍ പറഞ്ഞു.