ബാഴ്സലോണ: ബാഴ്സലോണ യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്. വിക്ടോറിയ പ്ലാസനെ പരാജയപ്പെടുത്തിയ ഇന്റർ മിലാൻ ബയേണിനൊപ്പം നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. തുടർച്ചയായ രണ്ടാം സീസണിലാണ് ബാഴ്സ യൂറോപ്പ ലീഗിലേക്ക് പിന്തള്ളപ്പെടുന്നത്. ബയേണിനോട് തോറ്റത് ബാഴ്സയ്ക്ക് ഇരട്ട പ്രഹരമായി.
ഇന്ത്യൻ സമയം രാത്രി 12.30നായിരുന്നു ബാഴ്സലോണയും ബയേൺ മ്യൂണിക്കും തമ്മിലുള്ള മത്സരം. സ്വന്തം കാണികൾക്ക് മുന്നിൽ ബാഴ്സ വീണ്ടും തിരിച്ചടി നേരിട്ടു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്സലോണ തോറ്റത്. 10, 11 മിനിറ്റുകളിലും രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിലും(90+5) ബയേൺ ഗോൾ നേടി.
സാവിക്ക് കീഴിൽ, റോബർട്ട് ലെവൻഡോവ്സ്കി ഉൾപ്പെടെയുള്ള വലിയ താരങ്ങളുടെ സാന്നിധ്യമുണ്ടായിട്ടും ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ ബാഴ്സലോണ പുറത്തായി. തുടർച്ചയായ രണ്ടാം സീസണിലും ബയേണിന് മുന്നിൽ തോറ്റ് ടീം യൂറോപ്പ ലീഗിലേക്ക് വഴുതി വീണു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, യുവന്റസ്, അയാക്സ്, സെവിയ്യ എന്നിവരെല്ലാം ഇത്തവണ യൂറോപ്പ ലീഗിൽ കളിക്കുന്നതിനാൽ, അവിടെയും ബാഴ്സലോണയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല.