കോഴിക്കോട്: മദ്യനയ അഴിമതി ആരോപണത്തിൽ പ്രതിഷേധം കടുപ്പിക്കാൻ യു.ഡി.എഫ്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭാ മാർച്ച് നടത്തുമെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ. മദ്യനയ അഴിമതിയിൽ എം.ബി. രാജേഷിനും മുഹമ്മദ് റിയാസിനും പങ്കുണ്ടെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത് അഴിമതി മറച്ചുവെക്കാനാണ്. ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ചപ്പോഴേ യു.ഡി.എഫ്. പറഞ്ഞതാണ് ഒരുതരത്തിലും നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്ന്. അതുകൊണ്ടാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടത്. അത് ആവശ്യമില്ലെന്ന് കാണിക്കാനാണ് ക്രൈം ബ്രാഞ്ച് തെളിവുകൾ ഒന്നുമില്ലെന്ന് പറഞ്ഞതെന്നും ഹസൻ പറഞ്ഞു.
ഡ്രൈ ഡേ ഒഴിവാക്കാൻ ഏറ്റവും ശക്തമായി ആവശ്യപ്പെട്ടത് ടൂറിസം മന്ത്രിയാണ്. ഡ്രൈ ഡേ ഒഴിവാക്കുന്നത് സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാൻ മാത്രമല്ല മാർക്സിസ്റ്റ് പാർട്ടിക്ക് അവരുടെ വരുമാനം വർധിപ്പിക്കാൻകൂടി വേണ്ടിയാണ്, എം.എം. ഹസൻ പറഞ്ഞു.
മഴക്കാല പൂർവ ശൂചീകരണത്തിൽ സർക്കാർ പൂർണ പരാജയമാണെന്നും മഴക്കെടുതിയിൽ മരിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും എം.എം. ഹസൻ ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങളുടെ യോഗം പോലും ചേരാതെ വകുപ്പ് മന്ത്രി നാടുചുറ്റുകയാണെന്നും അദ്ദേഹം വിമർശിച്ചു.