ലണ്ടൻ: തേനീച്ചകളെ ദോഷകരമായി ബാധിക്കുന്ന കീടനാശിനിക്ക് അനുമതി നൽകി ഇംഗ്ലണ്ട്. ഷുഗർ ബീറ്റ്സ് എന്ന വിഭാഗത്തിൽ പെടുന്ന തേനീച്ചകളെ പ്രതികൂലമായി ബാധിക്കുന്ന വൈറസ് അടങ്ങിയ തയാമെത്തോക് എന്ന രാസവസ്തുവിനാണ് ഇംഗ്ലണ്ടിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. കീടനാശിനിയിൽ നിന്നുള്ള മലിനീകരണം നദികളുടെ ആവാസവ്യവസ്ഥയെ തന്നെ നശിപ്പിച്ചേക്കാമെന്ന് വിദ്ഗധരുടെ മുന്നറിയിപ്പ് പാടെ അവഗണിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി.
എന്നാൽ, ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതർ പറയുന്നത്. കീടനാശിനി ഉപയോഗം പരിമിതവും നിയന്ത്രണവിധേയവുമായിരിക്കുമെന്ന് പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് പ്രതികരിച്ചു. 2018-ൽ കീടനാശിനിയുടെ ഹാനികര ഫലങ്ങൾ മുൻകൂട്ടി കണ്ട് യൂറോപ്യൻ യൂണിയനിലും യു.കെയിലും പൂർണ നിരോധനം ഏർപ്പെടുത്തുകയായിരുന്നു. വീണ്ടും അനുമതി നൽകിയതിനെതിരേ പല ഭാഗങ്ങളിൽനിന്നും വിമർശനം ഉയരുന്നുണ്ട്.
ഈ വർഷമാണ് യെല്ലൊ വൈറസിനെ ചെറുക്കാൻ സഹായിക്കുന്ന കീടനാശിനിക്ക് വീണ്ടും അനുമതി നൽകണമെന്ന ആവശ്യം ഉയർന്നത്. സസ്യങ്ങളിൽ പരാഗണം നടത്തുന്ന തേനീച്ചകളുടെയും മറ്റും എണ്ണം കുറയാൻ ഈ കീടനാശിനിയുടെ ഉപയോഗം കാരണമായതായി വിലയിരുത്തപ്പെടുന്നു. തേനീച്ചകൾക്കുള്ള അപകടസാധ്യത കുറക്കുന്നതിന് ഇടക്കാലത്തേക്ക് കർഷകർ പൂച്ചെടികൾ വളർത്തുന്നതു വിലക്കുമെന്ന് ജോർജ് പറഞ്ഞിരുന്നു. എന്നാൽ, ഇത് തേനീച്ചകൾ നേരിട്ടേക്കാവുന്ന അപകടസാധ്യത കുറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തേനീച്ചകൾ ഇല്ലെങ്കിൽ കൃഷി സമ്പ്രദായം തന്നെ താറുമാറാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. തേനീച്ചയും വന്യജീവികളെയും നശിപ്പിക്കുന്ന ഇത്തരം കീടനാശിനികൾക്ക് എതിരേ നടപടി സ്വീകരിക്കാത്തത് ലജ്ജാകരമാണന്ന് ബഗ് ലൈഫ് സി.ഇ.ഒ. മാർട്ട് ഷാർഡ്ലോ പ്രതികരിച്ചു. ഭക്ഷ്യ ശൃംഖലയിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് തേനീച്ചകൾ. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് പരാഗണത്തിനായി പ്രധാനമായും തേനീച്ചകളെ ആശ്രയിക്കുന്നുവെന്നാണ് കണക്കുകൾ. തേനീച്ചകളുടെ അസാന്നിധ്യം വരുത്തിയേക്കാവുന്ന ഗുരുതര പ്രശ്നങ്ങൾ പഠിക്കുക ശ്രമകരമാണ്. അദ്ദേഹം പറഞ്ഞു.
