ധാക്ക : മ്യാൻമറിലെ സൈനിക അതിക്രമങ്ങളെ തുടർന്ന് അഭയാർത്ഥികളായി ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യൻ അഭയാർഥികൾക്ക് വാക്സിൻ നൽകാൻ തീരുമാനം. റോഹിങ്ക്യകൾ കൂട്ടത്തോടെ താമസിക്കുന്ന ക്യാമ്പുകളിൽ രോഗം പടരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണിത്. ചൈനീസ് വാക്സിനായ സിനോഫാം നൽകാനാണ് അധികൃതരുടെ തീരുമാനം. അടുത്തിടെ 850,000 റോഹിങ്ക്യകൾ താമസിക്കുന്ന ക്യാമ്പിൽ 2600 പേർക്ക് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.മ്യാൻമറിൽ നിന്നും സുരക്ഷ തേടി പത്ത് ലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികളാണ് ബംഗ്ലാദേശിൽ എത്തിയിട്ടുള്ളത്. ഇതിലധികവും അതിർത്തി പ്രദേശമായ കോക്സ് ബസാറിലെ അഭയാർത്ഥി ക്യാമ്പുകളിലാണുള്ളത്.
ഇവിടെ കൊവിഡ് നിയന്ത്രിക്കാനാവാത്ത അവസ്ഥയുണ്ടായാൽ അത് വൻ ദുരന്തമായേക്കും. ഇന്ന് ആയിരക്കണക്കിന് അഭയാർത്ഥികൾക്ക് വാക്സിൻ നൽകിയെന്ന് ചീഫ് ഹെൽത്ത് ഓഫീസർ മഹ്ബുബുർ റഹ്മാൻ അഭിപ്രായപ്പെട്ടു. ആദ്യഘട്ടത്തിൽ 55 വയസിനു മുകളിലുള്ള ആളുകൾക്ക് വാക്സിൻ നൽകാനാണ് തീരുമാനം. യുഎൻ ഏജൻസികളുടെ സഹായത്തോടെയാവും ഇത്. അഭയാർത്ഥികൾക്കിടയിൽ ഏകദേശം 20,000 കേസുകളും 200 മരണങ്ങളും ഇതു വരെ സംഭവിച്ചിട്ടുണ്ട്.
