
ധാക്ക: ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിക്ക് (ബി.എന്‍.പി) തകര്‍പ്പന്‍ വിജയം. 300 അംഗ പാര്‍ലമെന്റില്‍ ബി.എന്‍.പി. സഖ്യം 209 സീറ്റുകള്‍ നേടി വിജയിച്ചു.
അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന് താരിഖ് റഹ്മാന് പ്രധാനമന്ത്രിയാകും. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന വന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടിവന്നത്. പിന്നീട് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരാണ് രാജ്യം ഭരിച്ചത്.
ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പുറത്തായതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 7.30 മുതല്‍ വൈകിട്ട് 4.30 വരെയായിരുന്നു വോട്ടെടുപ്പ്. രാത്രിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെടുപ്പിനൊപ്പം ഭരണഘടനാ പരിഷ്കാരങ്ങളടക്കം ഉറപ്പാക്കുന്ന ‘ജൂലൈ ചാര്‍ട്ടര്‍’ നടപ്പാക്കണോ എന്ന കാര്യത്തില്‍ ഹിതപരിശോധനയും നടത്തി.
മൊത്തം 12.7 കോടി വോട്ടര്‍മാരില്‍ 44 ശതമാനവും 18നും 37നുമിടയില്‍ പ്രായമുള്ളവരാണ്. ഹസീനയുടെ ഭരണകാലത്ത് വോട്ട് ചെയ്യാന്‍ കഴിയാതിരുന്ന പലരും ഇത്തവണ ആദ്യമായി വോട്ട് രേഖപ്പെടുത്തി.


