ധാക്ക: ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ വനിതാ ജഡ്ജിയെ ചുമതലകളിൽ നിന്നും ഒഴിവാക്കി ബംഗ്ലാദേശ് സുപ്രീം കോടതി. ബലാത്സംഗം നടന്ന് 72 മണിക്കൂറിന് ശേഷം പോലീസ് കേസെടുക്കരുത് എന്നാണ് ജസ്റ്റിസ് ബീഗം മൊസമ്മത് കംറുനാഹർ നഹർ പറഞ്ഞത്. ഇത് വിവാദമായതോടെയാണ് സുപ്രീം കോടതി ഇവരെ ചുമതലകളിൽ നിന്നും ഒഴിവാക്കിയത്.
2017 ൽ പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികൾ ചേർന്ന് രണ്ട് സർവ്വകലാശാല വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് വാദം നടക്കുന്നതിനിടെയാണ് ജഡ്ജി വിവാദ പരാമർശം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് പോലീസ് കൃത്യമായ നടപടി സ്വീകരിച്ചില്ലെന്നും ബലാത്സംഗം കഴിഞ്ഞ് 72 മണിക്കൂറിന് ശേഷം കേസ് രജിസ്റ്റർ ചെയ്യരുത് എന്നുമാണ് ജഡ്ജി പറഞ്ഞത്. കേസിൽ ആവശ്യമായ തെളിവുകൾ ഇല്ലെന്നും വനിതാ ജഡ്ജി വ്യക്തമാക്കിയിരുന്നു. ഇത് വൻ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു.
തുടർന്നാണ് സുപ്രീം കോടതി നടപടി സ്വീകരിച്ചത്. നഹറിനെ ചുമതലകളിൽ നിന്നും ഒഴിവാക്കിയതായും നിയമവകുപ്പിൽ നീതി ന്യായ വകുപ്പിൽ നിയമിച്ചതായും സുപ്രീം കോടതി അറിയിച്ചു. സംഭവത്തിൽ വിശദീകരണം നൽകാനും വനിതാ ജഡ്ജിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.