
മനാമ: ബഹ്റൈനിലെ പ്രധാന റോഡുകളില്‍ ഡെലിവറി ബൈക്കുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി.
പാര്‍ലമെന്റ് പാസാക്കിയതിനെ തുടര്‍ന്ന് നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിട്ടു. ബദര്‍ അല്‍ തമീമിയുടെ നേതൃത്വത്തില്‍ അഞ്ച് എം.പിമാരാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്. ഡെലിവറി ബൈക്കുകളുടെ സഞ്ചാരം പ്രധാന റോഡുകളില്‍നിന്ന് മാറ്റി സെക്കന്‍ഡറി റോഡുകള്‍ വഴിയാക്കണമെന്നാണ് നിര്‍ദേശം.
ഡെലിവറി ബൈക്ക് ഓടിക്കുന്നവര്‍ നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം കൊണ്ടുവന്നതെന്ന് ബദര്‍ അല്‍ തമീമി പറഞ്ഞു. സമാന നിരോധനം കുവൈത്തില്‍ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബഹ്റൈനിലെ റോഡ് ശൃംഖല പരസ്പരബന്ധിതമായ ഒരു സംവിധാനമായതിനാല്‍ ഇത് നടപ്പാക്കാന്‍ പ്രയാസമായിരിക്കുമെന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ നിലപാട്. ഇത് ഗതാഗത തടസ്സങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.


