കറാച്ചി: നിരന്തരം ദ്രോഹിക്കപ്പെടുന്ന ജനവിഭാഗം ഇനി പാകിസ്താനെതിരെ ഒറ്റക്കെട്ടായി യുദ്ധം ചെയ്യും. ബലൂചിൽ പാകിസ്താൻ ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ പോരാടുന്ന രണ്ടു വിമത സൈനിക വിഭാഗങ്ങൾ സംയുക്ത സേന രൂപീകരിച്ചു. നിലവിലുണ്ടായിരുന്ന ബലൂച് റിപ്പബ്ലിക്കൻ ആർമിയും യുണൈറ്റഡ് ബലൂച് ആർമിയും പരിച്ചുവിട്ട് പുതിയ സൈന്യം രൂപീകരിച്ചുവെന്നാണ് റിപ്പോർട്ട്. ഇനി സംയുക്ത സൈന്യം ബലൂച് നാഷണലിസ്റ്റ് ആർമി എന്ന പേരിലാണ് അറിയപ്പെടുക.
രണ്ടു വിമത സൈനിക വിഭാഗങ്ങളുടേയും നേതാക്കളായ ബീബ്ഗാർ ബലൂചും മുറാദ് ബലൂചുമാണ് സംയുക്ത പ്രസ്താവന നടത്തിയത്. പ്രവിശ്യയിലെ രാഷ്ട്രീയ അനിശ്ചിതത്വവും ബലൂചുകൾക്കെതിരെ നടക്കുന്ന ഭീകരാക്രമണവും ഒറ്റക്കെട്ടായി നേരിടേണ്ട സമയമാണിതെന്നും നേതാക്കൾ പറഞ്ഞു.
2018ലാണ് ബലൂച് വിമത സൈന്യങ്ങൾ പാക്സൈന്യത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയത്.പാകിസ്താൻ സൈന്യത്തിന്റെ പിടിച്ചെടുക്കൽ നയങ്ങൾക്കും മനുഷ്യക്കടത്തിനും തട്ടിക്കൊണ്ടുപോകലിനുമെതിരെ സായുധ പോരാട്ടമാണ് വിമത സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനൊപ്പം ബലൂച് പ്രവിശ്യാ ഭരണകൂടത്തെ നോക്കുകുത്തിയാക്കി ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നതി നെതിരേയും ജനങ്ങൾ പ്രക്ഷോഭത്തിലാണ്.
1947 മുതൽ തങ്ങളുടെ മേഖല സ്വതന്ത്രരാജ്യമാണ്. അന്നും ഇന്നും പാകിസ്താന്റെ ഭാഗമല്ല. കാരണം ബ്രിട്ടനാണ് ബലൂച് മേഖലയ്ക്ക് പ്രത്യേക സ്വാതന്ത്ര്യം നൽകിയ തെന്നും വിമത സൈന്യം ഓർമ്മിപ്പിച്ചു. ബലൂച് ജനതയെ കൊന്നൊടുക്കുന്ന രീതിയാണ് സൈന്യം അവലംബിക്കുന്നത്. 2020 ന് 215 പേരും 2021 ന് 311 പേരുമാണ് കൊല്ലപ്പെട്ടത്. ഈ വർഷവും അക്രമം അവസാനിച്ചിട്ടില്ലെന്നും ബലൂച് ജനത പറഞ്ഞു.