തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പ്രഹരത്തിന്റെ പേരില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റിയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് രൂക്ഷ വിമര്‍ശനം. ജനങ്ങള്‍ക്കിടയിലുള്ള ഭരണവിരുദ്ധ വികാരം ചൂണ്ടിക്കാട്ടി ചില അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൃദുവിമര്ശനവും ഉയര്‍ത്തി.
തോല്‍വിക്കു പ്രധാന കാരണം ധനവിനിയോഗത്തിലെ പാളിച്ചയാണെന്നു ചൂണ്ടിക്കാട്ടിയാണ് ചിലര്‍ ബാലഗോപാലിനെതിരെ വിമര്‍ശനമുന്നയിച്ചത്. ക്ഷേമ പെന്ഷന് വിതരണമുള്‍പ്പെടെ അടിസ്ഥാനവര്‍ഗത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ ഇടപെടല്‍ നടത്തിയില്ല. മുന്‍മന്ത്രിമാരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും അംഗങ്ങള്‍ പറഞ്ഞു.
കേന്ദ്രം അര്‍ഹമായ ആനൂകൂല്യങ്ങള്‍ തരാത്തതു മൂലമാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടായതെങ്കിലും അതു ജനങ്ങളെ വേണ്ടവിധം ബോധ്യപ്പെടുത്താനായില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
ഭരണവിരുദ്ധ വികാരം സംബന്ധിച്ച വിമര്‍ശനങ്ങളുടെ മുന മുഖ്യമന്ത്രിയിലേക്കു നീളുന്നതിനിടെയാണ് ധനമന്ത്രിക്കെതിരെയും വിമര്‍ശനമുയരുന്നത്. സംസ്ഥാനത്തെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പല പരാതികളും തനിക്കു ലഭിച്ചിരുന്നതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിക്കിടയാക്കിയ വെല്ലുവിളികള്‍ തിരിച്ചറിയാനും ഫലപ്രദമായി ചെറുക്കാനും സംസ്ഥാന നേതൃത്വത്തിനു കഴിഞ്ഞില്ല. നിരാശാജനകമായ തോല്‍വിയില്‍ ഭരണപരമായ പോരായ്മകളും പരിശോധിക്കണമെന്നും യെച്ചൂരി പറഞ്ഞു.
തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യംവെച്ച് ഭരണത്തിന്റെ കടിഞ്ഞാണ്‍ കൂടുതല്‍ പാര്‍ട്ടിയുടെ കൈകളില്‍ വേണമെന്ന നിലപാട് പല നേതാക്കളും സ്വീകരിച്ചു. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ നയപരമായ തീരുമാനമെടുക്കുന്നതില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നെന്നും അവര്‍ പറഞ്ഞു.
പലയിടങ്ങളിലും പാര്‍ട്ടിയുടെ അടിത്തറയായിരുന്ന ഈഴവ വോട്ടുകള്‍ ഗണ്യമായ തോതില്‍ നഷ്ടമായതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ചയില്‍, ന്യൂനപക്ഷ പ്രീണനമെന്നു തോന്നിക്കുന്ന ചില നടപടികള്‍ തിരിച്ചടിയുണ്ടാക്കിയതായി വിമര്‍ശനമുയര്‍ന്നു. മുസ്ലിം ലീഗിനെ കൂടെ കൊണ്ടുവരാന്‍ സംസ്ഥാന സെക്രട്ടറി ശ്രമിച്ചതും അതു പരാജയപ്പെട്ടപ്പോള്‍ സമസ്ത വിഭാഗം സുന്നികളിലെ ഒരു വിഭാഗത്തെ കൂടെ കൂട്ടാന്‍ ശ്രമിച്ചതും തിരിച്ചടിക്ക് കാരണമായി. ഇതു ചൂണ്ടിക്കാട്ടി ബി.ജെ.പി. ഉന്നയിച്ച മുസ്ലിം പ്രീണനമെന്ന ആരോപണം ഹൈന്ദവ വോട്ടുകള്‍ വലിയ തോതില്‍ നഷ്ടമാവാനിടയാക്കിയതായി ചില നേതാക്കള്‍ പറഞ്ഞു.