
നിലമ്പൂർ: ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസിൽ പി.വി. അൻവർ എം.എൽ.എയ്ക്ക് ജാമ്യം ലഭിച്ചു. നിലമ്പൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യമനുവദിച്ചത്.
അൻവറിനെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. ഞായറാഴ്ച രാത്രി അറസ്റ്റിലായ അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
നിലവിൽ തവനൂർ സെൻട്രൽ ജയിലിലാണ് അൻവറുള്ളത്. ജനകീയ വിഷയത്തിൽ ന്യായമായ പ്രതിഷേധമാണ് നടത്തിയതെന്നും താൻ നേരിട്ട് ഫോറസ്റ്റ് സ്റ്റേഷൻ ആക്രമിച്ചിട്ടില്ലെന്നും അൻവർ കോടതിയെ അറിയിച്ചു. എഫ്.ഐ.ആറിൽ 11 ആളുകളുടെ പേരുണ്ടായിട്ടും റിപ്പോർട്ടിൽ അൻവറിന്റെ പേരു മാത്രമേയുള്ളൂവെന്നും അതെന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു.
50,000 രൂപയുടെ ആൾജാമ്യവും പൊതുമുതൽ നശിപ്പിച്ച വകയിൽ 35,000 രൂപ കെട്ടിവയ്ക്കണമെന്നും ജാമ്യവ്യവസ്ഥയിൽ പറയുന്നു. എല്ലാ ബുധനാഴ്ചയും അന്വേഷണോദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. തെളിവു നശിപ്പിക്കാനോ അന്വേഷണത്തെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നു.
കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. കേസിൽ അൻവർ ഒന്നാം പ്രതിയാണ്. അൻവറുൾപ്പെടെ 11 പ്രതികളാണുള്ളത്. മറ്റു 4 പ്രതികളെയും റിമാൻഡ് ചെയ്തിരുന്നു.
കഴിഞ്ഞദിവസം കരുളായി ഉൾവനത്തിൽ ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട മണി എന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് എം.എൽ.എയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചത്. സമരക്കാർ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുകയറി നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ഇതേത്തുടർന്നായിരുന്നു പോലീസ് നടപടി.
