
മനാമ: ബഹ്റൈന്‍ സ്മാര്‍ട്ട് സിറ്റീസ് ഉച്ചകോടിയുടെ എട്ടാമത് പതിപ്പ് ഏപ്രില്‍ 15ന് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ആരംഭിക്കും. ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ഉച്ചകോടി ഏപ്രില്‍ 16ന് സമാപിക്കും.
ബഹ്റൈന്റെ പ്രധാന പ്രത്യേക പരിപാടികളിലൊന്നായ ഉച്ചകോടിക്ക് ഏറെ പ്രാധാന്യമുണ്ടെന്നും പ്രാദേശികവും അന്തര്‍ദേശീയവുമായ പങ്കാളിത്തം വിപുലമായി ആകര്‍ഷിക്കുന്നതായും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് പറഞ്ഞു. സ്മാര്‍ട്ട് അര്‍ബന്‍ വികസനത്തില്‍ ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും ബഹ്റൈനിന്റെ മുന്‍നിര പ്രാദേശിക അനുഭവങ്ങളുമായി സംയോജിപ്പിക്കാനും ഈ പരിപാടി ലക്ഷ്യമിടുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഗതാഗത-ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം, മരാമത്ത് മന്ത്രാലയം, ഭവന-നഗരാസൂത്രണ മന്ത്രാലയം, സര്‍വേ ആന്റ് ലാന്‍ഡ് രജിസ്ട്രേഷന് ബ്യൂറോ, ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റി, റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി എന്നിവയുള്‍പ്പെടെ രാജ്യത്തെ ഒമ്പത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും.
സ്മാര്‍ട്ട് അര്‍ബന്‍ പ്ലാനിംഗിലും സുസ്ഥിര ഡിജിറ്റല്‍ സൊല്യൂഷനുകളിലും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ഖത്തര്‍, ജിബൂട്ടി, എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളുടെയും സംഘടനകളുടെയും പങ്കാളിത്തവും ഉച്ചകോടിയിലുണ്ടാകും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, സൈബര്‍ സുരക്ഷ, ഫിന്‍ടെക്, സ്മാര്‍ട്ട് കണ്‍സ്ട്രക്ഷന്‍ സാങ്കേതിക വിദ്യകള്‍, സ്മാര്‍ട്ട് മൊബിലിറ്റി എന്നിവയുള്‍പ്പെടെ സ്മാര്‍ട്ട് സിറ്റികളുടെ വിവിധ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇരുപതിലധികം വിഷയങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
