മനാമ: ദേശീയ ദിനാഘോഷ പരിപാടികൾക്കായി ബഹ്റൈനിലെ തെരുവുകൾ അണിഞ്ഞൊരുങ്ങി. 1783ൽ അഹമ്മദ് അൽ ഫത്തേഹ് ആധുനിക ബഹ്റൈനെ ഒരു മുസ്ലിം അറബ് രാഷ്ട്രമായി സ്ഥാപിച്ചതിൻ്റെ സ്മരണയ്ക്കായും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സ്ഥാനാരോഹണ വാർഷികം പ്രമാണിച്ചുമാണ് ദേശീയ ദിനം ആഘോഷിക്കുന്നത്.
രാജ്യത്തെ തെരുവുകൾ, പ്രധാന ഇടങ്ങൾ, കെട്ടിടങ്ങൾ എന്നിവയെല്ലാം അലങ്കരിച്ചിട്ടുണ്ട്. ഹമദ് രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ എന്നിവരുടെ ചിത്രങ്ങൾ പ്രധാന കെട്ടിടങ്ങൾ, ടവറുകൾ, സ്ഥാപനങ്ങൾ എന്നിവയെ അലങ്കരിക്കുന്നു. രജതജൂബിലി പതാക, ബഹ്റൈൻ്റെ പതാകയുടെ പ്രതീകങ്ങളായി ചുവപ്പും വെള്ളയും ലൈറ്റുകൾ, ദേശസ്നേഹ സന്ദേശങ്ങൾ എന്നിവ അലങ്കാരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവിധ ഗവർണറേറ്റുകളിലെ സർക്കാർ സ്ഥാപനങ്ങളും ബിസിനസ് സ്ഥാപനങ്ങളും ദേശീയ ദിനം ആഘോഷിക്കുകയും ദേശാഭിമാനം വളർത്തുകയും ചെയ്യുന്ന പ്രദർശനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നു.
സീഫ്, ഡിപ്ലോമാറ്റിക് ഏരിയ, അൽ ഫത്തേഹ് ഹൈവേ, ദി അവന്യൂസ് മാൾ, ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബർ തുടങ്ങിയ പ്രദേശങ്ങൾ ഉത്സവവിളക്കുകളാൽ അലങ്കരിച്ചിട്ടുണ്ട്. വാട്ടർ ഗാർഡൻ സിറ്റിയിലെ ആഘോഷങ്ങൾ, പതിനൊന്നാമത് ബഹ്റൈൻ ബൈക്ക് വീക്ക് ഫെസ്റ്റിവൽ, സർവ്വകലാശാലകൾ ആതിഥേയത്വം വഹിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയും ആഘോഷത്തിന്റെ ആകർഷണീയത കൂട്ടുന്നു.
റിഫ ക്ലോക്ക് ടവർ, ക്രൗൺ പ്രിൻസ് സ്ട്രീറ്റ്, റിഫ അവന്യൂ, സല്ലാഖ് ഹൈവേ, അവാലി റൗണ്ട്എബൗട്ട്, ഇസ ടൗണിലെ അഖ്റ റൗണ്ട്എബൗട്ട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളും അലംകൃതമാണ്. ഇസ ടൗൺ ലോക്കൽ മാർക്കറ്റ്, ഡിസംബർ 16 അവന്യൂ, ഇസ ടൗൺ ഗേറ്റ്, ബുക്കുവാര സ്ട്രീറ്റ്, റിഫ സെൻട്രൽ മാർക്കറ്റ് എന്നിവയാണ് അലങ്കരിച്ച മറ്റു പ്രദേശങ്ങൾ.
മുഹറഖ്, നോർത്തേൺ ഗവർണറേറ്റുകളിൽ വർണപ്പകിട്ടാർന്ന പ്രദർശനങ്ങളുണ്ട്. ദേശീയ പതാകകളും രജതജൂബിലി പതാകകളും രാജാവിന്റെയും കിരിടാവകാശിയുടെയും ചിത്രങ്ങളും അഭിനന്ദന സന്ദേശങ്ങളും ദേശഭക്തി മുദ്രാവാക്യങ്ങളും ഉൾക്കൊള്ളുന്ന ബാനറുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.