
മനാമ: 2025ലെ ആദ്യ മൂന്നു മാസങ്ങളിലെ കേസ് കണക്കുകള്‍ ബഹ്റൈന്‍ പ്രത്യേക അന്വേഷണ യൂണിറ്റ് (എസ്.ഐ.യു) പുറത്തുവിട്ടു.
പീഡനവും മോശം പെരുമാറ്റവും സംബന്ധിച്ച ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന 17 പരാതികള്‍ യൂണിറ്റിന് ലഭിച്ചതായി ആക്ടിംഗ് അറ്റോര്‍ണി ജനറലും എസ്.ഐ.യു. മേധാവിയുമായ മുഹമ്മദ് ഖാലിദ് അല്‍ ഹസ്സ അറിയിച്ചു. എല്ലാ കേസുകളിലും ആവശ്യമായ നടപടി സ്വീകരിച്ചു.
എസ്.ഐ.യു. 36 പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴികള്‍ കേട്ടു. പൊതു സുരക്ഷാ സേനയിലെ 49 പ്രതികളെയും സംശയിക്കപ്പെടുന്നവരെയും ചോദ്യം ചെയ്തു. ഏഴു പരാതിക്കാരെ ഫോറന്‍സിക്, സൈക്കോളജിക്കല്‍ മെഡിസിന് വിഭാഗത്തിലേക്ക് റഫര്‍ ചെയ്തു.
മോശമായി പെരുമാറിയെന്ന പരാതിയില്‍ യൂണിറ്റ് അന്വേഷണം പൂര്‍ത്തിയാക്കി. അന്വേഷണത്തില്‍ സ്ഥിരീകരിച്ച നിയമപരമായ ലംഘനങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരവാദിയാണെന്ന് കണ്ടെത്തിയ വ്യക്തിയെ ഉചിതമായ അച്ചടക്ക നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയത്തിലെ സൈനിക കോടതി ഡയറക്ടറേറ്റിലേക്ക് റഫര്‍ ചെയ്തു. യൂണിറ്റിന്റെ മാന്‍ഡേറ്റും പ്രവര്‍ത്തന ചട്ടങ്ങളും അനുസരിച്ചാണിത് ചെയ്തത്.
