
മനാമ: വീട്ടുവേലക്കരിയെ ശമ്പളം നല്‍കാതെയും പാസ്പോര്‍ട്ട് പിടിച്ചുവെച്ചും മറ്റും ദ്രോഹിച്ച ബഹ്റൈനി സ്ത്രീക്ക് കോടതി മൂന്നു വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും വിധിച്ചു.
25 വയസ്സുള്ള ഏഷ്യക്കാരിയാണ് ദ്രോഹത്തിനിരയായത്. ഇവരെ നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ചെലവ് തൊഴിലുടമയായ ബഹ്റൈനി സ്ത്രീ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.
സന്ദര്‍ശന വിസയില്‍ ബഹ്റൈനിലെത്തിയ യുവതിയെ പ്രതിമാസം 120 ദിനാര്‍ ശമ്പളം വാഗ്ദാനം ചെയ്താണ് ബഹ്റൈനി സ്ത്രീയുടെ വീട്ടില്‍ ജോലിക്ക് നിര്‍ത്തിയത്. എന്നാല്‍ ശമ്പളം നല്‍കിയില്ലെന്നു മാത്രമല്ല പാസ്പോര്‍ട്ട് പിടിച്ചുവെക്കുകയും ചെയ്തു. യുവതിക്ക് കിടന്നുറങ്ങാന്‍ ഇടം കൊടുത്തത് അടുക്കളയിലെ തറയിലാണ്.
പ്രതി തന്നെ 9 വീടുകളില്‍ അനധികൃതമായി ജോലിക്ക് അയച്ചെന്നും അവിടെ നിന്ന് കിട്ടിയ ശമ്പളം പ്രതി നേരിട്ടു വാങ്ങി തനിക്ക് തന്നില്ലെന്നും യുവതി കോടതിയില്‍ ബോധിപ്പിച്ചു. ഇതുവരെ 200 ദിനാര്‍ മാത്രമാണ് യുവതിക്ക് നല്‍കിയത്. 800 ദിനാറിലധികം പ്രതി യുവതിക്ക് നല്‍കാനുണ്ടെന്ന് കോടതി കണ്ടെത്തി.
ജോലി ചെയ്ത വീടുകളില്‍ ചിലര്‍ തന്നെ നിയമപരമായി സ്പോണ്സര് ചെയ്യാമെന്നു പറഞ്ഞെങ്കിലും പ്രതി പാസ്പോര്‍ട്ട് വിട്ടുതന്നില്ലെന്നും യുവതി കോടതിയെബോധിപ്പിച്ചു.
