മനാമ: നൂതന ഉൽപന്നങ്ങൾക്കായി മലേഷ്യയിൽ നടന്ന ഇന്റർനാഷണൽ വെർച്ച്വൽ എക്സിബിഷനിൽ (ഇൻവൈഡ് 2022) ബഹ്റൈനിലെ വിദ്യാർഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബഹ്റൈൻ യൂണിവേഴ്സിറ്റി ഐ.ടി വിഭാഗം വിദ്യാർഥികളാണ് ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയത്. ബഹ്റൈൻ യൂണിവേഴ്സിറ്റി ഐ.ടി വിഭാഗം പ്രസിഡന്റ് ഡോ. ഹസൻ അൽ മുല്ല വിജയികളെ സ്വീകരിച്ചു. ‘ടെലിബോട്ട്’ പ്രൊജക്ടിലാണ് വിദ്യാർഥികൾ മികവ് പ്രകടിപ്പിച്ചത്. വിദൂരങ്ങളിലിരുന്ന് റോബോട്ടുകളെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യയാണ് ടെലിബോട്ട്. അദ്നാൻ ഹസ്മുല്ലയുടെ നേതൃത്വത്തിൽ നാല് വർഷം നടത്തിയ പഠനത്തിന്റെ ഫലമാണ് കണ്ടുപിടുത്തം. വൈജ്ഞാനിക മേഖലയിൽ ടെലിബോട്ട് സംവിധാനം ഉപയോഗപ്പെടുത്തുന്നതിലൂടെ യാത്രയും സമയവും ലാഭിക്കാൻ കഴിയുമെന്നും അദ്നാൻ വ്യക്തമാക്കി. അലി ജമീൽ, ഹിഷാം അബ്ദുല്ല, ഖാലിദ് അബ്ദുൽ ജലീൽ എന്നീ വിദ്യാർഥികളും അദ്നാനോടൊപ്പം കണ്ടുപിടുത്തത്തിൽ പങ്കാളികളായി.


