
മനാമ: ബഹ്റൈന്‍ മാധ്യമപ്രവര്‍ത്തനം രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സമ്പന്നമായ കാലഘട്ടത്തില്‍ പുരോഗമിച്ചിട്ടുണ്ടെന്ന് ബഹ്റൈന്‍ ജേണലിസ്റ്റ് അസോസിയേഷന് (ബി.ജെ.എ).
ഉത്തരവാദിത്തമുള്ള ആവിഷ്കാര സ്വാതന്ത്ര്യത്തിന് അടിത്തറയിടുകയും ദേശീയ പത്രപ്രവര്‍ത്തനത്തിന്റെ ദൗത്യത്തെ പിന്തുണയ്ക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സമഗ്ര വികസന പ്രക്രിയയുടെ ഭാഗമായി പത്രപ്രവര്‍ത്തനം ഗണ്യമായി വികസിച്ചിട്ടുണ്ടെന്നും മെയ് 3ന് ലോക പത്രസ്വാതന്ത്ര്യ ദിനവും മെയ് 7ന് ബഹ്റൈന്‍ പത്രദിനവും ആഘോഷിക്കുന്നതിന്റെ ഭാഗമായി അസോസിയേഷന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ തുടര്‍ച്ചയായ പിന്തുണയ്ക്ക് അസോസിയേഷന് അഭിനന്ദനമറിയിച്ചു. വികസനത്തില്‍ മാധ്യമങ്ങളുടെ പങ്കിനോടുള്ള ശക്തമായ ദേശീയ വിലമതിപ്പാണ് പത്രപ്രവര്‍ത്തനത്തിനുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡ് പ്രതിഫലിപ്പിക്കുന്നത്.
ബഹ്റൈനിലെ മാധ്യമങ്ങളെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ പ്രൊഫഷണല്‍ സംഘടനയായി സ്ഥാപിതമായതിന്റെ രജത ജൂബിലിയോടനുബന്ധിച്ചാണ് ഈ വര്‍ഷത്തെ ആചരണം. തലമുറകളിലുടനീളം മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബി.ജെ.എയ്ക്ക് വലിയ പങ്കുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.
