
മനാമ: ബഹ്റൈനൗന എക്സിക്യൂട്ടീവ് ഓഫീസ് സീഫ് മാളില്‍ സംഘടിപ്പിച്ച പ്രദര്‍ശനം ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ഉദ്ഘാടനം ചെയ്തു. മെയ് 4 മുതല്‍ 10 വരെയാണ് പ്രദര്‍ശനം.
ബഹ്റൈനൗന പദ്ധതി പ്രകാരം നടപ്പിലാക്കിയ പരിപാടികള്‍ക്കും സംരംഭങ്ങള്‍ക്കും നല്കിയ പിന്തുണയ്ക്ക് ആഭ്യന്തര മന്ത്രിയും മന്ത്രിതല സമിതി ചെയര്‍മാനുമായ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയോട് മന്ത്രി നന്ദി പറഞ്ഞു.
ആറ് പ്രധാന മേഖലകളിലായി വിവിധ സംവേദനാത്മക പരിപാടികള്‍ പ്രദര്‍ശനത്തിലുണ്ട്. പെയിന്റിംഗ്- ശില്പ വര്‍ക്ക്ഷോപ്പുകള്‍ ഉള്‍പ്പെട്ട ആര്‍ട്ടിസ്റ്റിക് സര്‍ഗ്ഗാത്മകത മേഖല, വിദ്യാഭ്യാസ ഗെയിമുകളിലൂടെയും സംവേദനാത്മക പ്രദര്‍ശനങ്ങളിലൂടെയും ബഹ്റൈന്‍ പൈതൃകത്തിന്റെ ഘടകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഹെറിറ്റേജ് ആന്റ് ഐഡന്റിറ്റി സോണ്‍, നിര്‍മിത ബുദ്ധിയിലും വെര്‍ച്വല്‍ റിയാലിറ്റിയിലും പ്രായോഗിക അനുഭവങ്ങള്‍ കണ്ടെത്താന്‍ സന്ദര്‍ശകര്‍ക്ക് സൗകര്യം നല്കുന്ന ടെക്നോളജി ആന്റ് ഇന്നൊവേഷന് സോണ്‍, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന കായിക പ്രവര്‍ത്തനങ്ങളും മത്സരങ്ങളും ഉള്‍പ്പെട്ട സ്പോര്‍ട്സ് ആന്റ് ഫിറ്റ്നസ് സോണ്‍, സന്നദ്ധപ്രവര്‍ത്തനത്തിന്റെ മൂല്യം എടുത്തുകാണിക്കുകയും ഇടപെടലിനുള്ള യഥാര്‍ത്ഥ അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്ന വോളണ്ടിയറിംഗ് ആന്റ് കമ്മ്യൂണിറ്റി പങ്കാളിത്ത മേഖല, പുതിയ തലമുറയുടെ അഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സംരംഭക പദ്ധതികള്‍ അവതരിപ്പിക്കുന്ന യൂത്ത് ആന്റ് ഇന്നൊവേഷന് സോണ്‍ എന്നിവ.
എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെ സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുന്ന പ്രദര്‍ശനത്തില്‍ അറബിയിലും ഇംഗ്ലീഷിലും ഗൈഡഡ് ടൂറുകള്‍ ലഭ്യമാണ്.
