
മനാമ: ബഹ്റൈനിലേക്ക് പുതുതായി നിയമിതരായ അംബാസഡർമാരിൽനിന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഓൺലൈൻ കൂടിക്കാഴ്ചയിൽ യോഗ്യതാപത്രങ്ങൾ സ്വീകരിച്ചു.
അബുദാബിയിൽ താമസിക്കുന്ന ബഹ്റൈനിലെ ടാൻസാനിയ അംബാസഡർ മേജർ ജനറൽ യാക്കൂബ് മുഹമ്മദ്, റിയാദിൽ താമസിക്കുന്ന ബഹ്റൈനിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ മൊഗോബോ ഡേവിഡ് മഗാബെ, കുവൈത്തിൽ താമസിക്കുന്ന ബഹ്റൈനിലെ സ്പെയിൻ അംബാസഡർ മാനുവൽ ഹെർണാണ്ടസ് ഗമല്ലോ, റിയാദിൽ താമസിക്കുന്ന ബഹ്റൈനിലെ ന്യൂസിലാൻഡ് അംബാസഡർ ചാൾസ് കിംഗ്സ്റ്റൺ, റിയാദിൽ താമസിക്കുന്ന ബഹ്റൈനിലെ താജിക്കിസ്ഥാൻ അംബാസഡർ അക്രം കരീമി എന്നിവരിൽനിന്നാണ് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങൾ സ്വീകരിച്ചത്.
ബഹ്റൈനും അവരുടെ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഡോ. അൽ സയാനി അഭിനന്ദിച്ചു. പരസ്പര അഭിലാഷങ്ങളും ലക്ഷ്യങ്ങളും നിറവേറ്റാൻ ഈ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പരസ്പര പ്രതിബദ്ധത അദ്ദേഹം ചൂണ്ടിക്കാട്ടി. നയതന്ത്ര ചുമതലകൾ നിർവഹിക്കുന്നതിൽ അവർക്ക് വിജയം ആശംസിച്ചു.
തങ്ങളുടെ യോഗ്യതാപത്രങ്ങൾ സമർപ്പിക്കുന്നതിൽ അംബാസഡർമാർ അഭിമാനം പ്രകടിപ്പിക്കുകയും വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തു. ബഹ്റൈൻ തുടർന്നും വളർച്ചയും സമൃദ്ധിയും കൈവരിക്കട്ടെ എന്ന് അവർ ആശംസിച്ചു.
