
മനാമ: രാഷ്ട്രത്തിന്റെ ആത്മാവിനെ പ്രോത്സാഹിപ്പിക്കാനും ദേശീയതയുടെ മൂല്യങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള ദേശീയ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഓഫീസ് (ബഹ്റൈനൂന) ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവുമായി സഹകരിച്ച് നടപ്പാക്കുന്ന ‘ബഹ്റൈനി ക്യാമറ’ പരിപാടിയുടെ രണ്ടാം സീസണ് തുടക്കമായി. വാര്‍ത്താവിതരണ മന്ത്രി ഡോ. റംസാന് ബിന്‍ അബ്ദുല്ല അല്‍ നുഐമിയുടെ സാന്നിധ്യത്തിലായിരുന്നു പരിപാടിയുടെ ഉദ്ഘാടനം.
ദേശീയ സ്വത്ത് വര്‍ധിപ്പിക്കുന്നതിനുള്ള ദേശീയ പദ്ധതിയുടെ ലക്ഷ്യങ്ങളുമായും കാഴ്ചപ്പാടുകളുമായും യോജിക്കുന്ന ഈ പരിപാടിയെ മന്ത്രാലയം പിന്തുണയ്ക്കുന്നതായി മന്ത്രി പറഞ്ഞു. പൗരത്വത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ദേശീയ സ്വത്വത്തോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്താനുമുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുകയാണ് പരിപാടി ലക്ഷ്യമിടുന്നത്. ദേശീയ പ്രതിഭകളെയും യുവാക്കളുടെ സര്‍ഗ്ഗാത്മകതയെയും വളര്‍ത്തിയെടുക്കുന്നതില്‍ മന്ത്രാലയം വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന് കാര്യമായ സംഭാവനകള്‍ നല്കിയ ബഹ്റൈനികളെ പരിചയപ്പെടുത്തുന്ന ഹ്രസ്വ ഡോക്യുമെന്ററികളിലാണ് രണ്ടാം സീസണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബഹ്റൈനിലെ യുവാക്കളുടെ സര്‍ഗ്ഗാത്മകതയെ ഉയര്‍ത്തിക്കാട്ടാനും ഈ പരിപാടി ലക്ഷ്യമിടുന്നു.
