
ലണ്ടന്‍: പലസ്തീന് രാഷ്ട്രത്തെ ബ്രിട്ടന് ഔദ്യോഗികമായി അംഗീകരിച്ചതിനെത്തുടര്‍ന്ന് ലണ്ടനില്‍ തുറന്ന പലസ്തീന് എംബസിയിലെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ ബ്രിട്ടനിലെ ബഹ്റൈന്‍ അംബാസഡറും അറബ് ഡിപ്ലോമാറ്റിക് കോര്‍പ്സിന്റെ ഡീനുമായ ഷെയ്ഖ് ഫവാസ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പങ്കെടുത്തു. ബ്രിട്ടീഷ് വിദേശകാര്യ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസിലെ മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക കാര്യ മന്ത്രി ഹാമിഷ് ഫാല്‍ക്കണര്‍, ബ്രിട്ടീഷ് പാര്ലമെന്റേറിയന്മാര്, അംബാസഡര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു. പലസ്തീന് രാഷ്ട്രത്തെ ബ്രിട്ടന് അംഗീകരിച്ചതിനെ ഷെയ്ഖ് ഫവാസ് ബിന്‍ മുഹമ്മദ് സ്വാഗതം ചെയ്തു. മദ്ധ്യപൗരസ്ത്യ മേഖലയിലെ സമാധാന പ്രക്രിയയെ പുനരുജ്ജീവിപ്പിക്കുന്നതിലും സ്വതന്ത്ര രാഷ്ട്രത്തിനായുള്ള പലസ്തീന് ജനതയുടെ നിയമാനുസൃത അവകാശം ഉറപ്പാക്കുന്നതിലും അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കനുസൃതമായി ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും അതിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീന് ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തിനായുള്ള ഉറച്ച പിന്തുണ പ്രതിഫലിപ്പിക്കുന്ന ഒരു ചരിത്രപരമായ തീരുമാനമാണ് അംഗീകാരമെന്ന് ഫാല്‍ക്കണര്‍ പറഞ്ഞു.
