മനാമ: കോവിഡ് മഹാമാരിയുടെ നിബന്ധനകൾ പൂർണമായും പിൻവലിച്ചതിന് ശേഷമുള്ള ബഹ്റൈനിലെ ആദ്യത്തെ റമദാൻ നോമ്പ് ഏറെ സന്തോഷത്തോടെ എതിരേറ്റ് വിശ്വാസി സമൂഹം. 2019 കോവിഡ് ആരംഭിച്ചത് മുതൽ പള്ളികളിൽ വെച്ചുള്ള സമൂഹ നോമ്പ് തുറ നിർത്തിവെച്ചിരുന്നു. എന്നിരുന്നാലും ആളുകൾക്ക് പാർസലായി നോമ്പുതുറ വിഭവങ്ങൾ കൊടുത്ത് വന്നിരുന്നു. എന്നാൽ ഈ വർഷത്തെ നോമ്പുതുറ പഴയ കാലത്തെ ഓർമിപ്പിക്കുന്ന തരത്തിൽ പള്ളികളുടെ ചുറ്റുവട്ടത്തും പൊതുജനങ്ങൾക്ക് എല്ലാം പങ്കെടുക്കാവുന്ന തരത്തിൽ ബഹ്റൈനിലെ മിക്ക പള്ളികളിലും വീണ്ടും സംഘടിപ്പിക്കുകയുണ്ടായി.
സമൂഹ നോമ്പ് തുറക്ക് നാനാ മതസ്ഥരും രാജ്യക്കാരും ഈ നാട്ടുകാരുടെ കൂടെ ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന കാഴ്ച പലർക്കും ഒരു പാഠമാകേണ്ടതാണ്. രാജ്യമോ ജാതിയോ മതമോ ചോദിക്കാതെ ആദ്യം വരുന്നവർ ആദ്യം എന്നതായിരുന്നു മാനദണ്ഡം. ഓരോരോ പ്രദേശത്തെ കച്ചവടക്കാരോ പ്രമുഖരോ ആയിരിക്കും നോമ്പുതുറയുടെ സ്പോൺസർമാർ. ബാങ്ക് വിളിച്ചതിനു ശേഷം നമസ്കാരം തുടങ്ങാനുള്ള പതിവ് സമയത്തിൽ നിന്നും അല്പം വൈകിട്ടായിരുന്നു മഗ് രിബു നമസ്കാരം തുടങ്ങിയത്. റമദാൻ മാസം ആയതിനാൽ എല്ലാ നമസ്കാരങ്ങളും പള്ളികളിൽ ജനനിബിഡമായിരുന്നു.
സംഘടനകളുടെയും കൂട്ടായ്മകളുടെയും ഇഫ്താർ സംഗമങ്ങളും ഇക്കുറി സജീവമായി നടക്കും. വിവിധ സംഘടനകളുടെ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇഫ്താറുകൾ എല്ലാ ദിവസവും നടക്കുന്നുമുണ്ട്. വിവിധ ചാരിറ്റി സംഘടനകളും സ്വകാര്യ സ്ഥാപനങ്ങളും പ്രവാസി കൂട്ടായ്മകളുമായി സഹകരിച്ച് അർഹരായവർക്ക് ഇഫ്താർ ഭക്ഷണക്കിറ്റുകൾ നൽകുന്നതിനും തുടക്കമായി. തർബിയ ഇസ്ലാമിക് സൊസൈറ്റി, കാഫ് ഹ്യുമാനിറ്റേറിയൻ, ഡിസ്കവർ ഇസ്ലാം സൊസൈറ്റി, കൂഹ്ജി ഫൗണ്ടേഷൻ, കാപിറ്റൽ ഗവർണറേറ്റ്, കാപിറ്റൽ ചാരിറ്റി സൊസൈറ്റി തുടങ്ങി സ്വദേശികളുടെ മേൽനോട്ടത്തിലുള്ള സൊസൈറ്റികളും സംവിധാനങ്ങളും പ്രവാസി കൂട്ടായ്മകളുമായി സഹകരിച്ച് ആവശ്യക്കാർക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നുണ്ട്. ആവശ്യക്കാരായ പ്രവാസി കുടുംബങ്ങൾക്ക് വിവിധ ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകളും നൽകുന്നുണ്ട്.