
മനാമ: ബഹ്റൈനെതിരായ ഇറാനിയന്‍ ആക്രമണത്തിന്റെ ഫലമായി നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയോ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ദേശീയത, പാസ്പോര്‍ട്ട്, താമസകാര്യ അതോറിറ്റി (എന്‍.പി.ആര്.എ) സന്ദര്‍ശന വിസ വ്യവസ്ഥകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. നിലവില്‍ ബഹ്റൈനിനുള്ളിലുള്ളതും 2026 ഫെബ്രുവരി 28നോ അതിനുശേഷമോ അനുവദനീയമായ താമസം അവസാനിച്ചതുമായ എല്ലാതരം സന്ദര്‍ശന വിസകളും കൈവശമുള്ളവരെ വ്യോമാതിര്‍ത്തി വീണ്ടും തുറന്നതിന് ശേഷം ഒരു മാസത്തേക്കുകൂടി രാജ്യത്തുനിന്ന് പുറപ്പെടാന്‍ വൈകിയതിന്റെ പിഴയില്‍നിന്ന് ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുററഹ്മാന്‍ അല്‍ ഖലീഫ അറിയിച്ചു. 2026 ഫെബ്രുവരി 28 മുതല്‍ സാധുതയുള്ള സന്ദര്‍ശന വിസകള്‍, ആ തീയതിക്ക് മുമ്പ് വിസയ്ക്ക് അപേക്ഷിച്ചെങ്കിലും അസാധാരണമായ സാഹചര്യങ്ങള്‍ കാരണം അവ ഉപയോഗിക്കാന്‍ കഴിയാത്ത രാജ്യത്തിനു പുറത്തുള്ള സന്ദര്‍ശകര്‍ക്ക് വിസ കാലാവധി മൂന്നു മാസം കൂടി നീട്ടിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വിവരങ്ങള്‍ക്കായി എല്ലാവരും ഔദ്യോഗിക സംവിധാനങ്ങള്‍ പിന്തുടരാണം. അന്വേഷണങ്ങള്‍ക്ക് 17077077 എന്ന നമ്പറിലുള്ള കോള്‍ സെന്റര്‍ വഴിയോ എന്‍.പി.ആര്.എയുടെ ഇലക്ട്രോണിക് ചാനലുകളിലെ വെര്‍ച്വല്‍ അസിസ്റ്റന്റ് വഴിയോ info@npra.gov.bh എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.


