
മനാമ: ഡിജിറ്റല്‍ യുഗത്തിനനുസരിച്ച് അദ്ധ്യാപന രീതികള്‍ നവീകരിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി ബഹ്റൈനിലെ പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികളില്‍ എ.ഐ, വെര്‍ച്വല്‍ പഠന സംവിധാനങ്ങള്‍ വരുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ത്രിമാന മോഡലിംഗ്, വെര്‍ച്വല്‍ റിയാലിറ്റി എന്നിവ ഇതിലുള്‍പ്പെടുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക്ക് ജുമ പാര്‍ലമെന്റില്‍ അറിയിച്ചു. സ്കൂളുകളുടെ ഡിജിറ്റല്‍ മാറ്റത്തെക്കുറിച്ചും അതിനുള്ള സാങ്കേതിക ആവശ്യങ്ങളെക്കുറിച്ചുമുള്ള ഡോ. മുനീര്‍ സെറൂറിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ക്ലാസ് മുറികളിലും അതിനപ്പുറത്തും പഠനത്തെ പിന്തുണയ്ക്കാന്‍ സ്കൂളുകള്‍ക്ക് ഇന്ററാക്ടീവ് സോഫ്റ്റ് വെയര്‍ വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അദ്ധ്യാപകര്‍ക്ക് കൂടുതല്‍ ദൃശ്യപരവും ആകര്‍ഷകവുമായ രീതിയില്‍ പാഠങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സ്വയംപഠനത്തിന് പുതിയ ഉപകരണങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
