
മനാമ: ബഹ്റൈനിലെ നഗരാസൂത്രണ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഭൂവിനിയോഗത്തിന് ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റിയുമായി (ഐ.ജി.എ) ഏകോപിപ്പിച്ച് നഗരാസൂത്രണ വികസന അതോറിറ്റി (യു.പി.ഡി.എ) അതിന്റെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമായ ‘പ്ലാനിംഗി’ല്‍ ‘പ്ലാനിംഗ് അപ്രൂവല്‍ എന്‍ഡോഴ്സ്മെന്റ്’ സേവനം ആരംഭിച്ചു.
അംഗീകൃത പദ്ധതികള്‍ക്കനുസൃതമായി വികസനത്തിന് ഭൂമി അനുയോജ്യമാണോ എന്ന് വിലയിരുത്തി, നഗരാസൂത്രണ കാര്യങ്ങളില്‍നിന്നുള്ള ഔദ്യോഗിക അംഗീകാരത്തിനായി അപേക്ഷിക്കാന്‍ എഞ്ചിനീയറിംഗ് ഓഫീസുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈ സംവിധാനം സേവനം നല്കുന്നു. ഭൂവിനിയോഗം, കെട്ടിട നിയന്ത്രണങ്ങള്‍, പാര്‍ക്കിംഗ് ആവശ്യകതകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.
ഇതോടെ, പ്ലാറ്റ്ഫോം ഇപ്പോള്‍ 15 സേവനങ്ങള്‍ നല്കുന്നു. മാര്‍ച്ച് 25 മുതല്‍ kwww.planning.bh വഴി പുതിയ സേവനം ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനും അപേക്ഷിക്കാനും അഭ്യര്‍ത്ഥനകള്‍ സമര്‍പ്പിക്കാനും ഇതുവഴി സാധിക്കും.
നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും കെട്ടിട അനുമതികള്‍ നേടുന്നതിനുള്ള സമയം കുറയ്ക്കാനും പദ്ധതി ഗുണനിലവാരത്തെ പിന്തുണയ്ക്കാനും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും വേണ്ടിയാണ് ഈ സേവനം ലക്ഷ്യമിടുന്നതെന്ന് യു.പി.ഡി.എ. ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഖയ്യാത്ത് പറഞ്ഞു.
