
മനാമ: 1986ല്‍ സ്ഥാപിതമായതിനു ശേഷം ആദ്യമായി ബഹ്റൈന്‍ യൂണിവേഴ്സിറ്റി (യു.ഒ.ബി) ടൈംസ് ഹയര്‍ എജുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ ഇടം നേടി. യൂണിവേഴ്സിറ്റിയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണിത്.
ഇതോടെ ലോകത്തിലെ മുന്‍നിര സര്‍വകലാശാലകളിലൊന്നായി ബഹ്റൈന്‍ യൂണിവേഴ്സിറ്റി മാറി.
ആഗോള റാങ്കിംഗില്‍ പ്രവേശിക്കുക എന്ന പ്രാരംഭ ലക്ഷ്യം കൈവരിക്കാന്‍ അക്കാദമികമായും ശാസ്ത്രീയമായും സമഗ്രമായ പദ്ധതികളും നയങ്ങളും ഭരണപരമായ നടപടികളും സര്‍വകലാശാലയുടെ ട്രസ്റ്റി ബോര്‍ഡ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയും സര്‍വകലാശാലയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ പറഞ്ഞു. ഭാവിയില്‍ കൂടുതല്‍ ഉയര്‍ന്ന തലങ്ങളിലെത്തുന്നതിനായി റാങ്കിംഗില്‍ സര്‍വകലാശാലയുടെ സ്ഥാനം ക്രമേണ ഉയര്‍ത്തുക എന്നതാണ് അടുത്ത ഘട്ടത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.
