
മനാമ: ബഹ്റൈന്‍- യു.എ.ഇ. സംയുക്ത സൈനികാഭ്യാസം (റബ്ദാന്‍ ഷുവൈമാന്‍) വിജയകരമായി സമാപിച്ചു. ബഹ്റൈന്‍ സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, യു.എ.ഇ. പ്രസിഡന്റും യു.എ.ഇ. സായുധ സേനയുടെ സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരുടെ സാന്നിധ്യത്തിലാണ് സൈനികാഭ്യാസം നടന്നത്.
ബഹ്റൈന്‍ പ്രതിരോധ സേനയുടെ റോയല്‍ ഗാര്‍ഡും യു.എ.ഇ. പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന്റെ ഹമദ് ബിന്‍ ഇസ എയര്‍ബോണ്‍ ബ്രിഗേഡും അഭ്യാസത്തില്‍ പങ്കാളികളായി. ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള അടുത്ത ബന്ധം വര്‍ധിപ്പിക്കാനും ഇരു സേനകളുടെയും യുദ്ധ സന്നദ്ധത വര്‍ധിപ്പിക്കാനും സംയുക്ത പ്രവര്‍ത്തന കഴിവുകള്‍ വികസിപ്പിക്കാനും അവരുടെ പങ്കാളിത്തവും നിലവിലുള്ള സൈനിക സഹകരണവും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു സംയുക്ത സൈനികാഭ്യാസം.
ആസൂത്രണം, നിര്‍വ്വഹണം, വ്യോമ പിന്തുണ, വ്യോമസേന ലാന്‍ഡിംഗ് നടപടിക്രമങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഫീല്‍ഡ് ഡ്രില്ലുകളും സംയുക്ത പ്രവര്‍ത്തനങ്ങളും അഭ്യാസത്തിലുണ്ടായിരുന്നു. ഉയര്‍ന്ന തലത്തിലുള്ള പ്രൊഫഷണലിസം, ഏകോപനം, പ്രതിബദ്ധത എന്നിവ ഇത് പ്രകടമാക്കി.
‘റബ്ദാന്‍ ഷുവൈമാന്‍’ അഭ്യാസത്തില്‍ നേടിയ നല്ല ഫലങ്ങളെ ഇരു രാജ്യങ്ങളുടെയും നേതൃത്വം പ്രശംസിച്ചു. ഈ പരിശീലനത്തിന്റെ വിജയത്തിനും അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനും വേണ്ടി സമര്‍പ്പിതമായി പ്രവര്‍ത്തിച്ച എല്ലാവര്ക്കും അവര്‍ നന്ദി പറഞ്ഞു.


