
മനാമ: അന്താരാഷ്ട്ര വളണ്ടിയര്‍ ദിനത്തോടനുബന്ധിച്ച് ബഹ്റൈന്‍ ട്രസ്റ്റ് ഫൗണ്ടേഷന് 15ാം വാര്‍ഷികം ആഘോഷിച്ചു. ബഹ്റൈന്‍ രാജാവിന്റെ പത്നിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ പ്രസിഡന്റുമായ സബീക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരിയുടെ രക്ഷാകര്‍തൃത്വത്തിലായിരുന്നു വാര്‍ഷികാഘോഷം.
ചടങ്ങില്‍ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ പത്നിയും അല്‍ മബറ അല്‍ ഖലീഫിയ ഫൗണ്ടേഷന്റെ (എം.കെ.എഫ്) ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്‍പേഴ്സണും റോയല്‍ ലൈഫ് സേവിംഗ് ബഹ്റൈന്‍ (ആര്.എല്‍.എസ്.ബി) ചെയര്‍പേഴ്സണുമായ ഷെയ്ഖ നൈല ബിന്ത് ഹമദ് ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ, സാമൂഹിക വികസന മന്ത്രി ഉസാമ ബിന്‍ സാലിഹ് അല്‍ അലവി എന്നിവര്‍ പങ്കെടുത്തു.
വികസനത്തിനും ജീവകാരുണ്യ സംരംഭങ്ങള്‍ക്കും സബീക ബിന്ത് ഇബ്രാഹിം രാജകുമാരി നല്കുന്ന തുടര്‍ച്ചയായ പിന്തുണയെ ശൈഖ നൈല ബിന്ത് ഹമദ് അഭിനന്ദിച്ചു. ഫൗണ്ടേഷന്റെ നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നതിനുള്ള ഒരു പ്രധാന നാഴികക്കല്ലാണ് 15ാം വാര്‍ഷികാഘോഷമെന്നും അവര്‍ പറഞ്ഞു.
സന്നദ്ധസേവനം വികസനത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും അതിനെ പിന്തുണയ്ക്കുന്നതില്‍ സാമൂഹ്യ സംഘടനകള്‍ അവശ്യ പങ്കാളികളാണെന്നും മന്ത്രി ഒസാമ ബിന്‍ സാലിഹ് പറഞ്ഞു.


