
മനാമ: ബഹ്റൈനിലെ ഗതാഗത പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് സര്‍ക്കാര്‍ സമഗ്ര പഠനം നടത്തും. ആഭ്യന്തര മന്ത്രിയും ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാനുമായ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
യോഗത്തില്‍ ഗതാഗത- ടെലികമ്യൂണിക്കേഷന്‍ മന്ത്രി, മരാമത്ത് മന്ത്രി, ഭവന- നഗരാസൂത്രണ മന്ത്രി, വിദ്യാഭ്യാസ മന്ത്രി, ആഭ്യന്ത മന്ത്രാലയത്തിലെ നിയമനിര്‍മാണ അതോറിറ്റി കാര്യങ്ങള്‍ക്കായുള്ള അണ്ടര്‍സെക്രട്ടറി, ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക് ഡയരക്ടര്‍ ജനറല്‍ എന്നിവര്‍ പങ്കെടുത്തു.
റോഡ് സുരക്ഷ വര്‍ധിപ്പിക്കാന്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രി യോഗത്തില്‍ പറഞ്ഞു. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ വാഹന നമ്പറുകള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍, ഈട് സവിശേഷതകള്‍ എന്നിവ സംബന്ധിച്ച പൊതു നയത്തെക്കുറിച്ച് സമഗ്രമായ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത പ്രതിസന്ധി പരിഹാരത്തിനുള്ള വിവിധ നടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ചര്‍ച്ചയ്ക്കൊടുവില്‍, രാജ്യത്തെ ഗതാഗത സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്താനും ഫലപ്രദമായ ആഗോള രീതികള്‍ അവലോകനം ചെയ്യാനുമായി ഒരു വിദഗ്ദ്ധ സംഘത്തിന് രൂപം നല്കാന് തീരുമാനിച്ചു.
