മനാമ: വെഡ്ഡിംഗ് ടൂറിസത്തിന് ബഹ്റൈനിൽ പ്രിയമേറുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ബഹ്റൈനെ തങ്ങളുടെ ഇഷ്ട ഐലൻഡ് വെഡിങ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തതോടെ ഈ വർഷം നിരവധി വിവാഹങ്ങൾക്കാണ് ബഹ്റൈൻ സാക്ഷ്യം വഹിക്കുക. 2023 ആദ്യ പാദത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടുംബങ്ങൾക്കായി 14 വിവാഹങ്ങൾ നടത്തുമെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അറിയിച്ചു.
ഇന്ത്യ, പാകിസ്ഥാൻ, ചൈന, ഓസ്ട്രേലിയ, യു.എസ്, യുകെ, കാനഡ, യുഎഇ , സൗദി അറേബ്യ, കുവൈറ്റ്, ജോർദാൻ, ലെബനൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിവാഹങ്ങളാണ് വരാനിരിക്കുന്നത്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്ന് കൂടുതൽ വിവാഹങ്ങൾ ആകർഷിക്കുന്നതിനായി “വെഡ്ഡിംഗ് ടൂറിസം” ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ് ടൂറിസം മേഖല. വിദേശ വിവാഹങ്ങൾ ആകർഷിക്കുക, അന്താരാഷ്ട്ര വിവാഹ സംഘാടകരെ ആതിഥേയരാക്കുക, വിവാഹവുമായി ബന്ധപ്പെട്ട വിപണികൾ വിപുലീകരിക്കുക, ഈ മേഖലയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഏകോപിപ്പിക്കുക എന്നിവയും അതോറിറ്റിയുടെ പദ്ധതികളിൽ ഉൾപ്പെടുന്നു. “ഐലൻഡ് വെഡ്ഡിംഗ്” സംരംഭത്തിലൂടെ ബഹ്റൈനിൽ വെഡ്ഡിംഗ് ടൂറിസം വികസിപ്പിക്കാനുള്ള പദ്ധതികൾക്ക് അനുസൃതമായാണ് ഈ ശ്രമങ്ങൾ.
അന്താരാഷ്ട്രതലത്തിൽ റാങ്കുചെയ്യപ്പെട്ട ടൂറിസം സ്ഥാപനങ്ങൾ, ദ്വീപുകൾ, ബീച്ചുകൾ, ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (ബിഐസി), പൈതൃക അധിഷ്ഠിത ലൊക്കേഷനുകൾ എന്നിവയ്ക്കൊപ്പം ധാരാളം ലാൻഡ്സ്കേപ്പുകളും അസാധാരണമായ വേദികളും വെഡ്ഡിംഗ് ടൂറിസത്തിന്റെ ഭാഗമായി അതോറിറ്റി ഒരുക്കിയിട്ടുണ്ട്. ആഡംബര ഹോട്ടലുകൾ, ആവശ്യപ്പെടുന്ന രുചികൾ, വൈവിധ്യമാർന്ന താൽപര്യങ്ങൾ നിറവേറ്റുന്ന അതുല്യ വിവാഹ ആശയങ്ങൾ എന്നിവ അടക്കമുള്ളവയുടെ ഏകോപനം മുതൽ ആസൂത്രണവും ലൊജിസ്റ്റിക്സും വരെ ബഹറിൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സംഘടിപ്പിച്ച വിവാഹങ്ങൾക്ക് ഉറപ്പുനൽകുന്നു.
2017-നും 2022-നും ഇടയിൽ അതോറിറ്റി 54-ലധികം വിവാഹങ്ങളാണ് നടത്തിയത്. ഒരു വിവാഹത്തിന് ശരാശരി 370 പേർ എന്ന നിലയിൽ 20,000 അന്തർദേശീയ അതിഥികളാണ് പങ്കെടുത്തത്. നടപ്പ് വർഷത്തിന്റെ തുടക്കത്തിൽതന്നെ 14 വിവാഹങ്ങൾ നടത്താൻ കഴിയുന്നത് ഈമേഖലയുടെ നേട്ടമാണ്. ഇത്തരം വിവാഹങ്ങൾ രാജ്യത്തിൻറെ ടൂറിസം മേഖലയ്ക്ക് ഒരു പുത്തനുണർവ് നൽകാൻ സഹായകമാകുന്നു.