മനാമ: ബഹ്റൈനിന്റെ 2022- 26 കാലയളവിലെ ടൂറിസം വികസന പദ്ധതികളിൽ ചൈനീസ് മാർക്കറ്റിനുള്ള പങ്ക് ഏറെ നിർണായകമാണെന്ന് ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ കഴിഞ്ഞ ദിവസം നടത്തിയ ചൈനീസ് സന്ദർശനത്തോടനുബന്ധിച്ച് ബഹ്റൈൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗൾഫ് എയർ ചൈനയിലെ ഗ്വാങ്സു, ഷാങ്ഹായ് എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ തുടങ്ങിയിരുന്നു.
ടൂറിസം പദ്ധതികളുടെ വികസനത്തിന് സ്വകാര്യ മേഖലയുമായി സഹകരിക്കാനുള്ള ബഹ്റൈന്റെ ശ്രമങ്ങൾ ചൈനീസ് ടൂറിസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മന്ത്രി പറഞ്ഞു. ചൈനയുടെ ടൂറിസം താൽപര്യങ്ങളെ ക്കുറിച്ചും അവരുടെ ടൂറിസം മേഖലയിലെ പരിചയസമ്പത്തിനെക്കുറിച്ചും ടൂറിസം മന്ത്രാലയവും ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റിയും പഠനം നടത്തുന്നുണ്ട്. അതോറിറ്റി ഈയിടെ ചൈനയിലെ ചില ടൂറിസം സ്ഥാപനങ്ങളുമായി കരാർ ഒപ്പുവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.