
മനാമ: ബഹ്റൈൻ കൗൺസിൽ ഫോർ ദി ഡെവലപ്മെന്റ് ഓഫ് ഇന്റർനാഷണൽ കൊമേഴ്സ്യൽ ഡിസ്പ്യൂട്ട് റെസല്യൂഷൻ മെക്കാനിസവും ലോക ബാങ്ക് ഗ്രൂപ്പിന്റെ ഭാഗമായ ഇന്റർനാഷണൽ സെന്റർ ഫോർ സെറ്റിൽമെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ഡിസ്പ്യൂട്ട്സും (ഐ.സി.എസ്.ഐ.ഡി) അന്താരാഷ്ട്ര തർക്ക പരിഹാരത്തിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ബഹ്റൈൻ കൗൺസിൽ ഫോർ ദി ഡെവലപ്മെന്റ് ഓഫ് ഇന്റർനാഷണൽ കൊമേഴ്സ്യൽ ഡിസ്പ്യൂട്ട് റെസല്യൂഷൻ മെക്കാനിസത്തിന്റെ സെക്രട്ടറി ജനറൽ മാരികെ പോൾസണും ഐ.സി.എസ്.ഐ.ഡി. സെക്രട്ടറി ജനറലും ലോക ബാങ്ക് വൈസ് പ്രസിഡന്റുമായ മാർട്ടിന പോളസെക്കുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തിനും അറിവ് കൈമാറുന്നതിനുമുള്ള ഒരു സംവിധാനം സ്ഥാപിക്കുക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം.
പോളസെക്കിന്റെ ആദ്യ മേഖലാ സന്ദർശനത്തിനിടെയാണ് ബഹ്റൈനിൽ ഒപ്പുവെക്കൽ നടന്നത്. അന്താരാഷ്ട്ര തർക്ക പരിഹാര സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ബഹ്റൈനുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ഐ.സി.എസ്.ഐ.ഡിയുടെ താൽപര്യം അവർ പരാമർശിച്ചു. അതിർത്തി കടന്നുള്ള തർക്ക പരിഹാരത്തിൽ ബഹ്റൈന്റെ പങ്ക് വർദ്ധിപ്പിക്കുന്നതിലും അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നതിലും ഒരു നാഴികക്കല്ലാണ് ധാരണാപത്രം.
