
മനാമ: ബഹ്റൈനില്‍ സ്വകാര്യ മേഖലയിലെ മനുഷ്യക്കടത്തിനെ ചെറുക്കാന്‍ മികച്ച നടപടികള്‍ സ്വീകരിക്കുന്നവര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മനുഷ്യക്കടത്ത് ചെറുക്കുന്നതിനുള്ള ദേശീയ കമ്മിറ്റിയുടെ ചെയര്‍മാനുമായ നിബ്രാസ് മുഹമ്മദ് താലിബ് അറിയിച്ചു.
‘മനുഷ്യക്കടത്തിനെതിരെ പോരാടുന്നതില്‍ സ്വകാര്യ മേഖലയുടെ പങ്ക്’ എന്ന വിഷയത്തില്‍ നടന്ന മനുഷ്യക്കടത്തിനെ ചെറുക്കുന്നതിനുള്ള ഫോറത്തിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടന വേളയിലാണ് ഈ പ്രഖ്യാപനം. നയതന്ത്ര ഉദ്യോഗസ്ഥര്‍, മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതിരോധം, സംരക്ഷണം, നീതി, പങ്കാളിത്തം, സ്ഥാപനവല്‍ക്കരണം എന്നിവയെ അടിസ്ഥാനമാക്കി ബഹ്റൈന്‍ സമഗ്രമായ ഒരു ദേശീയ ചട്ടക്കൂട് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും സുസ്ഥിരത ഉറപ്പാക്കാനുള്ള ദേശീയ നയങ്ങളിലും പദ്ധതികളിലും അത് സംയോജിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
