മനാമ: അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ മനുഷ്യക്കടത്ത് (ടി.ഐ.പി) റിപ്പോർട്ടിൽ തുടർച്ചയായ ഏഴാം വർഷവും ബഹ്റൈൻ ടയർ 1 പദവി നേടി. മനുഷ്യക്കടത്ത് തടയുന്നതിന് സ്വീകരിച്ച നടപടികളാണ് ഈ പദവിക്ക് രാജ്യത്തെ അർഹമാക്കിയത്.
ആഗോളാടിസ്ഥാനത്തിൽ 118 രാജ്യങ്ങളെ വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്.
പുരോഗമനപരവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിൽ രാജ്യത്തിനുള്ള പ്രതിബദ്ധത റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. മനുഷ്യാവകാശ തത്വങ്ങൾക്കും മൗലിക സ്വാതന്ത്ര്യങ്ങൾക്കും അനുസൃതമായി രാജ്യം നടപടികൾ സ്വീകരിക്കുന്നു. അതിനായി ബോധവൽക്കരണം തുടരുന്നു.
സമഗ്രമായ നിയമ ചട്ടക്കൂടിലൂടെയാണ് ഇത് കൈവരിക്കുന്നത്. ഈ തത്ത്വങ്ങൾ ബഹ്റൈനിൻ്റെ ഭരണഘടന, നാഷണൽ ആക്ഷൻ ചാർട്ടർ (എൻ.എ.സി), ദേശീയ നിയമനിർമ്മാണം എന്നിവയ്ക്കും രാജ്യത്തിലെ എല്ലാ സർക്കാർ ഏജൻസികൾക്കും മാർഗ്ഗനിർദ്ദേശമായി വർത്തിക്കുന്നു. ഇത് അന്താരാഷ്ട്ര ഉടമ്പടികളിലും കരാറുകളിലും പ്രതിപാദിച്ചിട്ടുണ്ട്.
അവബോധവും സാമൂഹ്യ പങ്കാളിത്തവും വർധിപ്പിച്ചുകൊണ്ട് ബഹ്റൈൻ ദേശീയ, അന്തർദേശീയ തലങ്ങളിൽ എല്ലാ പ്രസക്തമായ കക്ഷികൾക്കിടയിലും നടപടികൾ ഏകോപിപ്പിക്കുന്നുണ്ട്.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നു.
ബഹ്റൈൻ ഇൻ്റർനാഷണൽ എയർപോർട്ടിലെത്തു ന്ന പ്രവാസി തൊഴിലാളികളെ അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് അധികൃതർ അറിയിക്കുന്നു. സഹായം, കാര്യങ്ങൾ ചോദിച്ചറിയൽ, നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യൽ എന്നിവയ്ക്കായി ആശയവിനിമയ സംവിധാനങ്ങൾ ഒരുക്കി എൽ.എം.ആർ.എ. അവബോധം വളർത്തുന്നു.
വിവിധ ഭാഷക്കാരായ എല്ലാ തൊഴിലാളികളിലേക്കും അവബോധം എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് തൊഴിലാളികളെ അയയ്ക്കുന്ന രാജ്യങ്ങൾ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ, യു.എൻ, അന്താരാഷ്ട്ര സംഘടനകൾ എന്നിവയുടെ കാര്യാലയങ്ങളുമായി സഹകരിച്ച് വ്യത്യസ്ത കാമ്പെയിനുകൾ വഴി തുടർച്ചയായ ബോധവൽക്കരണ ശ്രമങ്ങൾ തുടരുന്ന കാര്യവും റിപ്പോർട്ടിൽ പറയുന്നുണ്ട്.