
ജനീവ: ജനീവയിലെ ബഹ്റൈൻ്റെ സ്ഥിരം നയതന്ത്ര കാര്യാലയത്തിലെ കൊമേഴ്സ്യൽ അറ്റാഷെയായ മറിയം അബ്ദുൽ അസീസ് അൽദോസേരി പാരീസ് യൂണിയൻ അസംബ്ലിയുടെ അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ബഹ്റൈൻ വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷനിൽ ( ഡബ്ല്യു.ഐ.പി.ഒ) ആദ്യമായി അദ്ധ്യക്ഷ സ്ഥാനം നേടി.
പേറ്റന്റുകൾ, വ്യാപാരമുദ്രകൾ, വ്യാവസായിക രൂപകൽപ്പനകൾ എന്നിവയിൽ ആഗോള മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്ന ഡബ്ല്യു.ഐ.പി.ഒയുടെ ഏറ്റവും പഴയ കരാറായ പാരീസ് കൺവെൻഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി(1883)യുടെ ഭരണസമിതിയാണ് പാരീസ് യൂണിയൻ അസംബ്ലി.
ഈ ചരിത്രപരമായ നാഴികക്കല്ല് അന്താരാഷ്ട്ര ബൗദ്ധിക സ്വത്തവകാശ നയരൂപീകരണത്തിൽ ബഹ്റൈനെ മുൻപന്തിയിൽ നിർത്തുകയും ബഹുമുഖ വേദികളിൽ അതിന്റെ നേതൃത്വത്തിനുള്ള വർദ്ധിച്ചുവരുന്ന അംഗീകാരത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
