
മനാമ: ഇന്റര്‍നാഷണല്‍ അസോസിയേഷന് ഫോര്‍ ദി ഇവാലുവേഷന്‍ ഓഫ് എജുക്കേഷണല്‍ അച്ചീവ്മെന്റ് (ഐ.ഇ.എ) നടത്തിയ ഗണിതശാസ്ത്രത്തിന്റെയും ശാസ്ത്രത്തിന്റെയും അന്താരാഷ്ട്ര വിലയിരുത്തലായ ടിംസ് 2023ല്‍ ബഹ്റൈനി വിദ്യാര്‍ത്ഥികള്‍ അറബ് ലോകത്തെ മികച്ച റാങ്കുകളില്‍ ഇടം നേടി.
നാലാം ക്ലാസ് സയന്‍സില്‍ രണ്ടാം സ്ഥാനവും നാലാം ക്ലാസ് ഗണിതത്തില്‍ മൂന്നാം സ്ഥാനവും എട്ടാം ക്ലാസ് സയന്‍സില്‍ നാലാം സ്ഥാനവും എട്ടാം ക്ലാസ് ഗണിതത്തില്‍ മൂന്നാം സ്ഥാനവും ബഹ്റൈന്‍ നേടി.
സ്ട്രീം സമീപനത്തിലൂടെ ശാസ്ത്രത്തിലും ഗണിതത്തിലും ആഗോള പുരോഗതിക്കൊപ്പം അദ്ധ്യാപന രീതികള്‍ മെച്ചപ്പെടുത്താനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഫലം കൂടിയാണിതെന്ന് വിദ്യാഭ്യാസ, പഠന നയ വികസന അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയും അന്താരാഷ്ട്ര പഠനങ്ങള്‍ക്കായുള്ള ദേശീയ ഗവേഷണ കോ- ഓര്‍ഡിനേറ്ററുമായ ഡോ. സമഹ് മുഹമ്മദ് അല്‍ അജ്ജാവി പറഞ്ഞു. ഭാവിയിലെ വിലയിരുത്തലുകളില്‍ മികച്ച അന്താരാഷ്ട്ര ഫലങ്ങള്‍ നേടുന്നതിനായി ഗണിതശാസ്ത്രത്തിനും ശാസ്ത്രത്തിനും പാഠ്യപദ്ധതികളും അദ്ധ്യാപന രീതികളും വികസിപ്പിക്കാനുള്ള പദ്ധതികളും മന്ത്രാലയം നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
