മനാമ: ബഹ്റൈൻ സ്പോർട്സ് ഡേ 2022 ന്റെ ഭാഗമായി ബഹ്റൈനിലെ വിവിധ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും കായിക ദിനാചരണം സംഘടിപ്പിച്ചു. വാർഷിക ബഹ്റൈൻ സ്പോർട്സ് ഡേയുടെ ആറാം പതിപ്പാണ് നടന്നത്. വിവിധതരം മത്സരങ്ങളും കായിക പരിപാടികളുമാണ് മന്ത്രാലയങ്ങൾ സംഘടിപ്പിച്ചത്. ജനങ്ങൾക്കിടയിൽ ആരോഗ്യകരമായ ജീവിതത്തിന്റെയും വ്യായാമത്തിന്റെയും പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതിനാണ് കായിക ദിനാചരണം ലക്ഷ്യമിടുന്നത്. വിവിധ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും കായിക ദിനാചരണം സംഘടിപ്പിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കനുസൃതമായിട്ടാണ് ബഹ്റൈൻ വാർഷിക കായിക ദിനം ആചരിക്കുന്നത്. പാർലമെന്റ്, ഷൂറ കൗൺസിൽ പ്രതിനിധികൾ, വിദേശകാര്യ മന്ത്രാലങ്ങൾ, ഫിനാൻസ് ആൻഡ് നാഷണൽ എക്കണോമി, വർക്ക്സ് മുനിസിപ്പൽ അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ്, നാഷണൽ ഓഡിറ്റ് ഓഫീസ്, റോയൽ യൂണിവേഴ്സിറ്റി ഫോർ വിമൻ എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ആഘോഷങ്ങളിൽ പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ഫെബ്രുവരി 10 ,11 & 12 തീയതികളിൽ രാവിലെ 10 മണിമുതൽ രാത്രി 11 മണിവരെയാണ് കായിക ദിനാചരണം.
കായിക ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ കായിക പരിപാടികളിലെ വിജയികൾക്ക് അവാർഡ് നൽകി ആദരിച്ചു. ബഹ്റൈൻ സ്പോർട്സ് ഡേയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ജീവനക്കാരിൽ നിന്നും സമൂഹത്തിലെ മറ്റ് വിഭാഗങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ബഹ്റൈൻ സ്പോർട്സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് പരിപാടികൾ നടന്നത്.