
മനാമ: ചാന്ദ്ര പര്യവേക്ഷണവുമായി ബന്ധപ്പെട്ട ആഗോള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഫോര്‍ ഔട്ടര്‍ സ്പേസ് അഫയേഴ്സ് (യു.എന്‍.ഒ.ഒ.എസ്.എ) മേല്‍നോട്ടം വഹിക്കുന്ന അന്താരാഷ്ട്ര ഗ്രൂപ്പായ ആക്ഷന്‍ ടീം ഓണ്‍ ലൂണാര്‍ ആക്ടിവിറ്റീസ് കണ്‍സള്‍ട്ടേഷന്റെ (എ.ടി.എല്‍.എ.സി) യോഗത്തില്‍ ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സി പങ്കെടുത്തു.
ഏജന്‍സിയെ പ്രതിനിധീകരിച്ച് ഡോ. മുഹമ്മദ് അല്‍ ഉത്മാന്, അലി അല്‍ മഹമൂദ്, ഹാല ഇബ്രാഹിം എന്നിവരാണ് പങ്കെടുത്തത്. വിയന്നയിലെ നേരിട്ടുള്ള പങ്കാളിത്തവും വെര്‍ച്വല്‍ അറ്റന്‍ഡന്‍സും സംയോജിപ്പിച്ച ഒരു ഹൈബ്രിഡ് ഫോര്‍മാറ്റിലാണ് യോഗം നടന്നത്. ബഹ്റൈന്‍ ഉള്‍പ്പെടെ വിവിധ അംഗരാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
ചാന്ദ്ര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികളും അവസരങ്ങളും തിരിച്ചറിയുക, ഈ മേഖലയിലെ അന്താരാഷ്ട്ര സഹകരണം വര്‍ധിപ്പിക്കുക, ചാന്ദ്ര പര്യവേക്ഷണത്തിന്റെ സുസ്ഥിരത നിയന്ത്രിക്കുന്നതിനും ഉറപ്പാക്കുന്നതിനുമുള്ള ഒരു കൂട്ടം ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്ന ഒരു മള്‍ട്ടി-ഇയര്‍ വര്‍ക്ക് പ്ലാന്‍ വികസിപ്പിക്കുക എന്നിവയാണ് എ.ടി.എല്‍.എ.സി. ലക്ഷ്യമിടുന്നത്.
