മനാമ: വേള്‍ഡ് കോംപറ്റിറ്റീവ്നസ് സെന്റര്‍- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡവലപ്മെന്റ് (ഐ.എം.ഡി) പ്രസിദ്ധീകരിച്ച 2024ലെ ലോക മത്സരക്ഷമതാ റാങ്കിംഗില്‍ ബഹ്റൈന്‍ 21ാം സ്ഥാനം നേടി. നേരത്തെ ഉണ്ടായിരുന്നതില്‍നിന്ന് ഒമ്പത് സ്ഥാനങ്ങള്‍ മുന്നേറിയാണ് ഈ നേട്ടം കൈവരിച്ചത്.
2022ലെ അരങ്ങേറ്റത്തിനു ശേഷമുള്ള ഈ സുപ്രധാന മുന്നേറ്റം, വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും അതിന്റെ അതുല്യമായ മത്സര നേട്ടങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്ന ആവാസവ്യവസ്ഥയെ വികസിപ്പിക്കുന്നതില്‍ രാജ്യത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവായി വിലയിരുത്തപ്പെടുന്നു.
ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് 12 സൂചകങ്ങളില്‍ ബഹ്റൈന്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്താണ്. കൂടാതെ 75 സൂചകങ്ങളില്‍ ആഗോളതലത്തില്‍ മികച്ച 10ലാണ്. ഗവണ്മെന്റ് നയത്തിന്റെ മികവ് മുതല്‍ ഫലപ്രദമായ പൊതു- സ്വകാര്യ പങ്കാളിത്തം വരെ സാങ്കേതിക പുരോഗതിയിലേക്ക് നയിക്കുന്ന വിവിധ മേഖലകളിലേക്ക് ഈ മികച്ച പ്രകടനം വ്യാപിച്ചിട്ടുണ്ട്.
ശക്തവും മത്സരാധിഷ്ഠിതവുമായ സമ്പദ്വ്യവസ്ഥയ്ക്കാവശ്യമായ ഉത്തേജകങ്ങള്‍ ബഹ്റൈന്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിലെ ദേശീയ സമ്പദ്വ്യവസ്ഥാ കാര്യ അണ്ടര്‍സെക്രട്ടറി ഒസാമ സാലിഹ് അലലാവി പറഞ്ഞു. ഫലപ്രദമായ പങ്കാളിത്തവും മികച്ച അന്താരാഷ്ട്ര കീഴ്വഴക്കങ്ങള് പിന്തുടരുന്ന അന്തരീക്ഷവും ഉപയോഗിച്ച് ബഹ്റൈന്‍ ഒരു മത്സര സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.