
മനാമ: മോഹൻലാൽ നായകനായി പുറത്തിറങ്ങാനിരിക്കുന്ന മലയാളം ചിത്രം മോൺസ്റ്ററിന്റെ വിലക്ക് നീക്കി ബഹ്റൈൻ എന്നുള്ള വാർത്ത വ്യാജം . 21 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ടതായ റിപ്പോർട്ട് ഉണ്ടായിരുന്നു. എൽജിബിടിക്യുഐഎ പ്ലസ് സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിൻറെ പേരിലാണ് വിലക്ക് എന്നായിരുന്നു റിപ്പോർട്ടുകൾ. മലയാള സിനിമകളുടെ പ്രധാന വിപണിയായ ഗൾഫ് മേഖലയിൽ സെൻസർ നടപടിക്രമങ്ങൾ പാസാക്കുന്നതിൽ ചിത്രം പരാജയപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ട്.
നിരോധനത്തെ തുടർന്ന് ആവശ്യമായ മാറ്റങ്ങൾ വരുത്തി ചിത്രം വീണ്ടും സമർപ്പിക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ റിലീസ് വൈകുന്നത് മോൺസ്റ്റർ ഓപ്പണിംഗ് ഡേ കളക്ഷനെ ബാധിക്കാൻ സാധ്യതയുണ്ട്.
മോഹൻലാലിന്റേതായി ഈ വർഷം തിയറ്ററുകളിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. ക്രൈം ത്രില്ലർ എന്ന് പറയപ്പെടുന്ന മോൺസ്റ്റർ സിനിമയുടെ ഇതിവൃത്തം മോഹൻലാൽ അവതരിപ്പിച്ച ലക്കി സിംഗ് എന്ന സംശയാസ്പദമായ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്.
പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ ടീമിനൊപ്പം മോഹൻലാൽ ഒന്നിക്കുന്ന ചിത്രമാണിത്. മോഹൻലാലിന്റെ സിഖ് ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലിനെ കൂടാതെ തെലുങ്ക് താരം ലക്ഷ്മി മഞ്ചു, ലെന, ഹണി റോസ്, സുദേവ് നായർ, സിദ്ദിഖ് എന്നിവരാണ് മോൺസ്ടർ സിനിമയിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഘട്ടനം സ്റ്റണ്ട് സില്‍വ.
