
മനാമ: ബഹ്റൈനില്‍ തൊഴില്‍ പെര്‍മിറ്റ് ലംഘനങ്ങള്‍ക്ക് ഘട്ടം ഘട്ടമായി പിഴ ചുമത്താനും പിഴകള്‍ കുറയ്ക്കാനുമുള്ള നിയമത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്കി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഒരു ഉത്തരവായി പുറപ്പെടുവിച്ച നിയമത്തിനാണ് ശൂറ കൗണ്‍സില്‍ ഇന്നലെ അംഗീകാരം നല്‍കിയത്. കഴിഞ്ഞ വര്‍ഷം അവസാനം ഈ നിയമത്തിന് പ്രതിനിധിസഭ അംഗീകാരം നല്‍കിയിരുന്നു. ശൂറ കൗണ്‍സില്‍ കൂടി അംഗീകരിച്ചതോടെ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
നേരത്തെ ചുമത്തിയിരുന്ന കര്‍ശനമായ പിഴകള്‍ പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് കാലഹരണപ്പെട്ട വര്‍ക്ക് പെര്‍മിറ്റുകള്‍ ക്രമവല്‍കരിക്കാന്‍ പുതിയ നിയമം സ്ഥാപനങ്ങള്‍ക്ക് 14 ദിവസം സമയം നല്‍കുന്നുണ്ട്.
ഈ മാറ്റം അനിവാര്യമാണെന്ന് ശൂറ കൗണ്‍സിലിന്റെ സെക്കന്റ് ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ഡോ. ജിഹാദ് അല്‍ ഫാദല്‍ പറഞ്ഞു. ബിസിനസുകാരെ ശിക്ഷിക്കുകയല്ല, മറിച്ച് തെറ്റുകള്‍ തിരുത്താന്‍ അവരെ സഹായിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
