![](https://ml.starvisionnews.com/wp-content/uploads/2024/01/Indian-Delights-1.jpg)
റിയാദ്: ബഹ്റൈന്‍-സൗദി ബിസിനസ് കൗണ്‍സിലുമായി സഹകരിച്ച് ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡും (ഇ.ഡി.ബി) സൗദി നിക്ഷേപ മന്ത്രാലയവും ചേര്‍ന്ന് സംഘടിപ്പിച്ച സൗദി-ബഹ്റൈന്‍ നിക്ഷേപ ഫോറം, ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലാണ് ബഹ്റൈന്‍ പ്രതിനിധി സംഘം സമ്മേളനത്തില്‍ പങ്കെടുത്തത്.
ദമ്മാമിലെ ദഹ്റാന്‍ എക്സ്പോയില്‍ നടന്ന പരിപാടിയില്‍ കിഴക്കന്‍ പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്, സൗദി നിക്ഷേപ മന്ത്രി ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഫാലിഹ്, ഇരു രാജ്യങ്ങളിലെയും പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനും സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരനും സംയുക്തമായി അധ്യക്ഷത വഹിച്ച സൗദി-ബഹ്റൈനി ഏകോപന കൗണ്‍സിലിന്റെ ചട്ടക്കൂടിനുള്ളില്‍ നിക്ഷേപ സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഫോറത്തിന്റെ വലിയ പങ്കുണ്ടെന്ന് ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു. ഊര്‍ജ്ജം, ഉല്‍പ്പാദനം, സാമ്പത്തിക സേവനങ്ങള്‍, ഐ.സി.ടി, സൈബര്‍ സുരക്ഷ, എ.ഐ, ഭക്ഷ്യ-ജല സുരക്ഷ, ടൂറിസം തുടങ്ങിയ പ്രധാന മേഖലകളില്‍ സൗദി അറേബ്യയുമായി സഹകരണം വികസിപ്പിക്കാന്‍ ബഹ്റൈന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
![](https://ml.starvisionnews.com/wp-content/uploads/2024/09/indian-delights-1-853x1024.jpg)