
മനാമ: സൗദി അറേബ്യൻ ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുമായി ബഹ്റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം ഗതാഗത സഹകരണം സംബന്ധിച്ച് വെർച്വൽ മീറ്റിംഗ് വഴി ചർച്ച നടത്തി.
ലാൻഡ് ട്രാൻസ്പോർട്ട് ആന്റ് പോസ്റ്റ് അണ്ടർസെക്രട്ടറി ഫാത്തിമ അബ്ദുല്ല അൽ ദെയ്ൻ, റെഗുലേറ്ററി സെക്ടർ വൈസ് പ്രസിഡന്റ് ഫവാസ് ബിൻ സനാഫ് അൽ സഹ്ലി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗതാഗത സഹകരണം ശക്തിപ്പെടുത്തുക, സാങ്കേതിക നിയന്ത്രണ വൈദഗ്ദ്ധ്യം കൈമാറുക, അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ പരിവർത്തനം, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലെ സംയുക്ത പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുക എന്നിവയെക്കുറിച്ചാണ് ചർച്ചകൾ നടന്നത്.
ബഹ്റൈൻ-സൗദി ഏകോപന ശ്രമങ്ങൾക്കും പ്രാദേശിക സഹകരണ സംരംഭങ്ങൾക്കും അനുസൃതമായി, കര കണക്റ്റിവിറ്റി, ഏകീകൃത കര ഗതാഗത സംവിധാനം, ജി.സി.സി. റെയിൽവേ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട വികസനങ്ങളും യോഗം അവലോകനം ചെയ്തു.
