
മനാമ: ബഹ്റൈന്റെ അല്‍ മുന്തര് ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയതായി നാഷണല്‍ സ്പേസ് സയന്‍സ് ഏജന്‍സി (എന്‍.എസ്.എസ്.എ) സ്ഥിരീകരിച്ചു. ഉപഗ്രഹം അതിന്റെ സോളാര്‍ പാനലുകളും സെന്‍സറുകളും പൂര്‍ണ്ണമായും സജീവമാക്കി. അതിന്റെ പ്രവര്‍ത്തന നില പരിശോധിച്ചുകൊണ്ട് ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് ആദ്യ സിഗ്നല്‍ വിജയകരമായി കൈമാറി.
സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍നിന്ന് ഇന്നാണ് അല്‍ മുന്തര് വിക്ഷേപിച്ചത്. ഫാല്‍ക്കണ്‍ 9 ഏറ്റവും കൂടുതല്‍ വിക്ഷേപിക്കപ്പെടുന്ന റോക്കറ്റുകളിലൊന്നാണ്. പുനരുപയോഗിക്കാവുന്ന രൂപകല്‍പ്പനയ്ക്ക് പേരുകേട്ട ഇത് ബഹിരാകാശ പ്രവേശന ചെലവ് കുറയ്ക്കുന്നു. 70 മീറ്റര്‍ ഉയരവും 3.7 മീറ്റര്‍ വ്യാസവുമുള്ള രണ്ട് ഘട്ടങ്ങളുള്ള, ഭാഗികമായി പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമാണിത്. താഴ്ന്ന ഭൂമി ഭ്രമണപഥത്തിലേക്ക് (എല്‍.ഇ.ഒ) 22,800 കിലോഗ്രാം പരമാവധി പേലോഡ് ശേഷിയും ജിയോസ്റ്റേഷണറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് (ജിയടി.ഒ) 8,300 കിലോഗ്രാം പേലോഡ് ശേഷിയും ഈ റോക്കറ്റിനുണ്ട്. ആര്.പി-1 മണ്ണെണ്ണയും ലിക്വിഡ് ഓക്സിജനും (എല്‍.ഒ.എക്സ്) അടങ്ങുന്ന ഇന്ധനമാണ് ഇതിന് കരുത്ത് പകരുന്നത്.
