മനാമ: മുൻ ധനകാര്യ മന്ത്രി തോമസ് ഐസകിന് ബഹ്റൈൻ പ്രതിഭ സ്വീകരണം നൽകി. ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന സ്വീകരണ യോഗത്തിന് പ്രതിഭ ജനറൽ സെക്രെട്ടറി പ്രദീപ് പതേരി സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ശ്രീജിത്ത് ആശംസകൾ നേർന്ന് സംസാരിച്ചു.

തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് കേരളത്തിലെ മതേതര മൂല്യങ്ങളെ കാത്ത് സൂക്ഷിക്കാനും , കേരള വികസനത്തെ ത്വരിതപ്പെടുത്താനും പ്രവാസി മലയാളികൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ആഹ്വാനം ചെയ്തു. അനാവശ്യമായ വിവാദങ്ങൾ അന്തരീക്ഷത്തിൽ പടർത്തി വികസന യാഥാർത്ഥ്യങ്ങളെ ജനങ്ങളിൽ നിന്നും ഒളിപ്പിച്ചു വെക്കാനുള്ള വ്യഗ്രതയിലാണ് കേരളത്തിലെ വലതു പക്ഷ രാഷ്ട്രീയ പാർട്ടികളും അതിന്റെ കുഴലൂത്തുകാരായ മാധ്യമങ്ങളും. ഇരുപത് വർഷത്തിന് ശേഷമുള്ള ഒരു കേരളത്തെ ഇന്നെ ചിന്തിച്ച് പ്രവർത്തിക്കേണ്ട എന്നാണ് കെ. റെയിൽ വിരോധം പറയുന്ന ആളുകളുടെ വാദം. അത് അപ്പോൾ മതി എന്നാണ്. നാല് കുടുംബങ്ങൾക്ക് ഒരു കാറ് എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ.

സമീപ ഭാവിയിൽ അത് രണ്ട് കുടുംബങ്ങൾക്ക് ഒന്ന് എന്ന സ്ഥിതിവിശേഷത്തിലേക്ക് മാറും. ഇത്രയധികം വാഹനങ്ങളെ ഉൾകൊള്ളാൻ നമ്മുടെ ആറ് വരി ദേശീയപാത പോലും മതിയാകാതെ വരും. അപ്പോൾ അതിനുള്ള ഇന്നിന്റെ പോംവഴിയാണ് കെ റെയിൽ. മാത്രവുമല്ല കെ. റെയിലിന് ചെലവഴിക്കുന്ന തുക സമൂഹത്തിന് തിരികെ ലഭിക്കാതെ പോകും എന്നാണ് സമരക്കാരുടെ വാദം. എങ്കിൽ ടോൾ പിരിക്കാൻ അനുവാദമില്ലാത്ത ദേശീയ പാതക്ക് വേണ്ടി ചെലവഴിക്കുന്ന അറുപതിനായിരം കോടി രൂപ എങ്ങനെ തിരികെ ലഭിക്കുമെന്ന് ഈ വാദക്കാർ ആലോചിച്ചിട്ടുണ്ടോ എന്നും തോമസ് ഐസക് ചോദിക്കുകയുണ്ടായി. കാലത്തിന് മുമ്പെ സഞ്ചരിക്കുന്ന ജനതയായി നമുക്ക് മാറാൻ കഴിയണം. അത്തരം ബോധ്യത്തിലേക്ക് കേരളത്തെ എത്തിക്കാൻ എല്ലാ പരിഗണനകൾക്കുമപ്പുറം പ്രവാസികൾക്ക് കഴിയേണ്ടതുണ്ട്.

പി.വി.രാധാകൃഷ്ണപിള്ള, വർഗീസ് കാരക്കൽ, സാനി പോൾ, രാമത്ത് ഹരിദാസ് , ഇ.എ. സലീം, അഡ്വ: ശ്രീജിത്ത് കൃഷ്ണൻ. സുബൈർ കണ്ണൂർ മറ്റു പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങൾ എന്നിവർ സ്വീകരണ യോഗത്തിൽ സന്നിഹിതരായിരുന്നു. തോമസ് ഐസക്കിനുള്ള പ്രതിഭയുടെ ഉപഹാരം മുഖ്യ രക്ഷാധികാരി ശ്രീജിത്ത് കൈമാറി. പ്രവാസം അവസാനിപ്പിച്ചു ബഹ്റൈൻ വിട്ടു പോകുന്ന രക്ഷാധികാരി സമിതി അംഗം ജയരാജൻ, സോഷ്യൽ മീഡിയ കൺവീനർ അനിൽ കണ്ണപുരം എന്നിവർക്കുള്ള കേന്ദ്ര മേഖല തല ഉപഹാരങ്ങൾ ഡോ: തോമസ് ഐസക് കൈമാറി, പ്രതിഭ മനാമ യുണിറ്റ് മെംബർ ഉണ്ണികൃഷ്ണന് ആദ്യമായി ലഭിച്ച പ്രവാസി പെൻഷൻ തുക പ്രതിഭ സാന്ത്വന ഫണ്ടിലേക്കായി ജനറൽ സെക്രട്ടറി പ്രദീപ് പതേരിക്ക് കൈമാറി.
